തൃക്കാക്കര: ഇടപ്പളളി പത്തടിപ്പാലത്ത് ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഇല്ലാതെ അമിത വേഗത്തിൽ വന്ന ബൈക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്മെന്റ് വിഭാഗം പിടികൂടി. ഇടുക്കി കട്ടപ്പന സ്വദേശിയുടെ 10 ലക്ഷം രൂപ വിലയുള്ള കാവസാക്കി Z 900 ബൈക്കാണ് പിടികൂടിയത്. തൃക്കാക്കര സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. 2019 എപ്രിൽ മുതൽ നിർമ്മിക്കപ്പെടുന്ന വാഹനങ്ങൾക്ക് ഹെ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് സൗജന്യമായി വാഹനത്തോടെപ്പം ഡീലർമാർ നൽകണമെന്നാണ് ചട്ടം. പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കണ്ണുവെട്ടിക്കാൻ ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് അഴിച്ചു വച്ചാണ് മിക്ക സൂപ്പർ ബൈക്കുകളും നിരത്തിലൂടെ പായുന്നത്. ഹൈ സെക്യൂരിറ്റി നമ്പർ പ്ളേറ്റ് അനുവദിച്ചിട്ടും അവ ഘടിപ്പിക്കാതെ മറ്റു നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്നത് നമ്പർ പ്ലേറ്റ് ഇല്ലാത്തതിനു തുല്യമായി കണക്കാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഓ ജീ . അനന്തകൃഷ്ണൻ പറഞ്ഞു. അമിത വേഗം, സൺഫിലിം, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് മുപ്പത് വാഹനങ്ങൾ പിടികൂടി. വെഹിക്കൾ ഇൻസ്‌പെക്ടർ ബിയോയ് പീറ്റർ, അസി. മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാരായ ബിനു എൻ.എസ്, സജിത്ത് ടി.എസ്, ഗുമുദേഷ് സി.എൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.