കൊച്ചി: ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ചതിന് അഭിഭാഷകരായ കാരിക്കാമുറി മൊണാസ്ട്രി റോഡ് മനയാനി വീട്ടിൽ ബെൻഹർ ജോസഫ് (44), എറണാകുളം നോർത്ത് കലാഭവൻ റോഡിൽ ചെറുവത്തൂർ വീട് വിനോദ് വള്ളിക്കാപ്പൻ (55) എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം എറണാകുളം വുഡ്‌ലാൻഡ്സ് ജംഗ്ഷനിലെ ബാറിനു സമീപത്തായിരുന്നു സംഭവം. അറുപതുകാരനായ ജോയിക്കാണ് മർദ്ദനമേറ്റത്. ബാറിൽ മദ്യപിച്ച ശേഷം തിരിച്ചെത്തിയ അഭിഭാഷകർ ഓട്ടോ ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുകയും മർദ്ദിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന കാൽനടയാത്രക്കാർ ഉൾപ്പെടെ അഭിഭാഷകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർക്കും മർദ്ദനമേറ്റു. സമീപത്തിലെ കടയിലുണ്ടായിരുന്ന കസേരകളും തല്ലിത്തകർത്തു. തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ബാറിലെത്തി സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. വൈകിട്ടോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾ നടത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.