നെടുമ്പാശേരി: നെടുമ്പാശേരി - ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആവണംകോട് - കുഴിപ്പള്ളം പാലം നിർമ്മാണത്തിനായി ഉപയോഗിച്ച് ചെങ്ങൽ തോട്ടിൽ നിക്ഷേപിച്ച ടൺ കണക്കിനു മണ്ണ് ഒരു മാസത്തിനകം നീക്കണമെന്ന് ഹൈക്കോടതി ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിനോട് നിർദ്ദേശം നൽകി. പുല്ലും പായലും മണ്ണും നിറഞ്ഞ് ശോചനീയാവസ്ഥയിലായിരുന്ന തോട് 2018ലെ പ്രളയത്തിൽ കരകവിഞ്ഞൊഴുകി വലിയ ദുരന്തമുണ്ടായിരുന്നു. നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാനാണ് പ്രളയത്തിൽ തകർന്ന ചെറിയ പാലം നിന്നിടത്ത് വലിയ പാലം നിർമ്മിക്കാൻ സർക്കാർ സിയാലിന് നിർദേശം നൽകിയത്. പാലം നിർമ്മാണ ശേഷം തോട്ടിൽ ഉപേക്ഷിച്ച മണ്ണും അവശിഷ്ടങ്ങളും നീക്കുന്നതിന് നിർമ്മാണ കരാർ കമ്പനിയോടും സിയാലിനോടും ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിനോടും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടർന്ന് നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം എം.വി. റെജി താലൂക്ക് അദാലത്തിൽ പരാതി പരിശോധിച്ച അന്നത്തെ കൃഷി വകുപ്പുമന്ത്രി സുനിൽകുമാർ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് മണ്ണ് നീക്കാൻ രേഖാമൂലം ഉത്തരവ് നൽകിയിട്ടും ഫലമുണ്ടായില്ല. പിന്നീട് സി.പി.എം എടനാട് ബ്രാഞ്ച് അഡ്വ: പ്രസൂൺ സണ്ണി മുഖേന റെഹക്കോടതിയെ സമീപിക്കുകയായിരുന്നു.