തൃപ്പൂണിത്തുറ: അന്ധകാരത്തോട് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ, കരാറുകാർ തുടങ്ങിയവരുമായി പ്രവർത്തന പുരോഗതി വിലയിരുത്തുവാൻ യോഗം ചേർന്നു. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. ഡിസംബർ 31നകം പൂർത്തിയാക്കി ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യാൻ ധാരണയായി.

ആകെ 2170 മീറ്റർ നീളമുള്ള തോടിന്റെ 70% നടപ്പാതയും ബോട്ടുജെട്ടി നിർമ്മാണവും തോടിന് കുറുകെയുള്ള നടപ്പാത നിർമ്മാണവും സ്ക്യൂ ബ്രിഡ്ജ് നിർമ്മാണവും 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. നടപ്പാതയിലെ ഫെൻസിംഗ് ജോലികൾ 45 ദിവസത്തിനകം പൂർത്തിയാക്കും. ചിന്മയാ സ്കൂൾ റോഡിലെ പഴയ പാലം പൊളിച്ചുമാറ്റി അവശിഷ്ടങ്ങൾ തോട്ടിൽ ഇടാതെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തോടിന് ഇരുവശത്തുമായി 87 പോസ്റ്റ് സ്ഥാപിച്ച് അലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിൽ 63 എണ്ണം പൂർത്തിയായി. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ലാൻഡ്സ്കേപ്പിംഗ്, വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിക്കൽ, കിയോസ്കുകളുടെ നിർമ്മാണം എന്നിവ പുരോഗമിക്കുന്നു. എസ്.എസ് ബഞ്ചുകൾക്ക് പകരം ടൈൽ അല്ലെങ്കിൽ മാർബിൾ മുകളിൽ വരത്തക്ക വിധത്തിലുള്ള ബെഞ്ചുകൾ ഉപയോഗിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.