കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഇ ഗവേണൻസ് പദ്ധതിയിലെ തടസങ്ങൾ മൂലം കൊവിഡ് ബാധിച്ച് മരിച്ചവരുടെ ധനസഹായത്തിനായി കേന്ദ്രം അനുവദിച്ച അരലക്ഷം രൂപ അർഹരായ ബന്ധുക്കൾക്ക് നിഷേധിക്കപ്പെടുന്നതായി ആക്ഷേപം. 7,274 കോടി രൂപയാണ് സംസ്ഥാനങ്ങളുടെ ഫണ്ടിലേക്ക് കേന്ദ്രം ഈ മാസാദ്യം നൽകിയത്. സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്കുള്ള തുകയാണിത്.
കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റംവരുത്തിയതായും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം ലഭിക്കും.
ഇതിനുപിന്നാലെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് ധനസഹായം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. 50,000 രൂപ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് നൽകാനാണ് തീരുമാനം. മരിച്ചവരുടെ ഉറ്റബന്ധുക്കൾക്ക് അപേക്ഷ സമർപ്പിക്കാം.
രജിസ്ട്രേഷൻ കടമ്പ
മരണ രജിസ്‌ട്രേഷൻ രേഖകൾ സഹിതമാണ് ധനസഹായത്തിനായി അപേക്ഷിക്കണ്ടത്. അക്ഷയകേന്ദ്രങ്ങൾ വഴിയോ നേരിട്ടോ അപേക്ഷിക്കാം. പി.എച്ച്.സിവഴിയും അപേക്ഷിക്കാം. അപേക്ഷകളിൽ വിശദമായ പരിശോധനയ്ക്കുശേഷം മരണസർട്ടിഫിക്കറ്റ് നൽകും. നിലവിലെ പോർട്ടലുകൾവഴി കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. കോർപ്പറേഷനിലെ മരണരജിസ്‌ട്രേഷൻ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ സേവനത്തിൽ ഉൾപ്പെടുത്താതിരുന്നതാണ് കാരണം.
കൊവിഡ് മരണ നിർണയത്തിന് അപേക്ഷ നൽകുമ്പോൾ തദ്ദേശസ്ഥാപനത്തിന്റെ മരണരജിസ്ട്രഷൻ കീ നമ്പർ നൽകുകയും മരണസർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും വേണം. കോർപ്പറേഷന്റെ മരണ രജിസ്‌ട്രേഷൻ കീനമ്പർ ടൈപ്പ് ചെയ്യുമ്പോൾ പോർട്ടൽ സ്വീകരിക്കാത്തതായിരുന്നു പ്രശ്നം.
ഇ ഗവേണൻസുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന തടസങ്ങളെത്തുടർന്ന് കോർപ്പറേഷനിൽനിന്ന് ഓൺലൈൻ സേവനങ്ങൾ ലഭിക്കാൻ വൈകിയതാണ് പ്രശ്നം. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിച്ചുതുടങ്ങിയത് കഴിഞ്ഞമാസം മുതലാണ്. ഐ.കെ.എം സേവന സോഫ്റ്റ്‌വെയറിൽ സർട്ടിഫിക്കറ്റുകൾ രജിസ്‌ട്രേഷൻ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. നഗരത്തിലെ മുഴുവൻ ആശുപത്രികളിലും സോഫ്റ്റ്‌വെയറിന്റെ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.
പ്രശ്നത്തിന് പരിഹാരമായി
കൊവിഡ് മരണധനസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കൊച്ചി കോർപ്പറേഷനുവേണ്ടി പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ അനുമതി ലഭിച്ചു. അപേക്ഷ സമർപ്പിക്കുന്നതിലുള്ള തടസങ്ങൾ നീങ്ങി.
അഡ്വ. എം. അനിൽകുമാർ,
മേയർ