വൈറ്റില: വിദ്യാലയങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ആവശ്യപ്പെട്ടു. രണ്ട് സ്ഥലങ്ങൾ ഏറ്റെടുത്താൽ മൊബിലിറ്റി ഹബ്ബിലേക്ക് ഒരു പ്രവേശനകവാടംകൂടി ലഭിക്കും. ആലുവ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റും ലഭ്യമാകും. വൈറ്റിലയിലെ ഗതാഗതക്കുരുക്കിനു നേരെ കണ്ണടയ്ക്കുന്ന അധികൃതരുടെ കണ്ണ് തുറപ്പിക്കുവാൻ ദീപം തെളിച്ചുകൊണ്ടായിരുന്നു സമരം. കോൺഗ്രസ് വൈറ്റില മണ്ഡലം പ്രസിഡന്റ് എം.എക്സ്. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.പി ഡോ. ചാൾസ് ഡയസ്, ബ്ലോക്ക് പ്രസിഡൻറ് ജോഷി പള്ളൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് അലക്സ്, സേവ്യർ പി. ആന്റണി, നോബർട്ട് അടിമുറി, ലിജ ഫ്രാൻസിസ്, ജെയ്മോൻ തോട്ടുപുറം, കെ.എം. വിപിൻ, അനു കെ. തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.