തൃക്കാക്കര: ബഹുനില ഫ്ളാറ്റ് സമുച്ചയത്തിലെ മൂന്നാംനിലയിൽ കുടുങ്ങിയ രണ്ടര വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്. കാക്കനാട് കുന്നുംപുറം എൻ.എം അലി റോഡിൽ ആഷിയാന ഹൈറ്റ്സ് ഫ്ളാറ്റിലാണ് സംഭവം. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. രണ്ടര വയസുകാരി കളിക്കുന്നതിനിടെ കിടപ്പുമുറിയുടെ വാതിൽ ലോക്കാവുകയായിരുന്നു. സംഭവം നടക്കുമ്പോൾ മാതാപിതാക്കൾ ഫ്ളാറ്റിലുണ്ടായിരുന്നു. വീട്ടുകാർ വാതിൽ പുറത്തുനിന്ന് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മുറിക്കുളളിൽ നിന്ന് കുഞ്ഞിന്റെ ശബ്‌ദം കേൾക്കാതായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. തൃക്കാക്കര ഫയർഫോഴ്‌സെത്തിയാണ് വാതിൽതുറന്ന് കുട്ടിയെ രക്ഷിച്ചത്. സീനിയർ ഫയർസ്റ്റേഷൻ ഓഫീസർ പ്രസാദ്, ബിബിൻ ചന്ദ്രൻ, ശ്രീജിത്ത്, അഭിലാഷ്, കൃഷ്ണചന്ദ്, സജീഷ് എന്നിവർ നേതൃത്വം നൽകി.