പള്ളുരുത്തി: കുമ്പളങ്ങി -ചെല്ലാനം പഞ്ചായത്തുകളെ ഉൾപ്പെടുത്തി കൊച്ചി ഹെറിറ്റേജ് ടൂറിസം വികസന അതോറിറ്റിക്ക് രൂപം നൽകണമെന്ന ആവശ്യം ശക്തമായി. കല്ലഞ്ചേരി റിട്രീറ്റിൽ ചേർന്ന കേരളഹാറ്റ്സിന്റേതാണ് നിർദ്ദേശം. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ട്രാവൽ ഗൈഡായ ലോൺലി പ്ലാനറ്റ് ലോകത്തിൽ കണ്ടിരിക്കേണ്ട പത്ത് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചിയെ തിരഞ്ഞെടുത്തെങ്കിലും രണ്ടു വർഷമായിട്ടും പ്രധാന പൈതൃകങ്ങളുടെ മുന്നിൽ ഒരുബോർഡ് പോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ ഈ മേഖലകൾക്ക് നൽകിയ കോടിക്കണക്കിനുരൂപ കടലിൽ കായം കലക്കുന്നപോലെ ഉദ്യോഗസ്ഥർ ദിശാബോധവുമില്ലാതെ ചെലവഴിക്കുകയാണ് .തുടക്കമിട്ട പല പദ്ധതികളും പാതിവഴിയിൽ കിടക്കുകയാണ്.
കുമ്പളങ്ങിയിൽ വരുന്ന ടൂറിസ്റ്റുകളുടെ സന്ദർശന ഡെസ്റ്റിനേഷൻ കൂടിയായ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരിയിലെ അഞ്ഞുറുവർഷങ്ങൾക്കുമേൽ പഴക്കമുള്ള പല പൈതൃക സ്വത്തുക്കളും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും താത്പര്യക്കുറവും കൃത്യമായ മോനിട്ടറിംഗുമില്ലാത്തതിനാൽ നശിക്കുകയാണ്. ഇവിടുത്തെ ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഹോംസ്റ്റേ സംരംഭകരുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവനവും ഇല്ലാതാക്കുന്നതിനും ഇതു കാരണമാവുകയാണ്.
നിലവിൽ ടൂറിസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്ന കുമ്പളങ്ങി, ചെല്ലാനം, ഇടക്കൊച്ചി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഉൾപ്പെടുന്ന ഒറ്റ ഡെവലപ്പ്മെന്റ് അതോറിട്ടിയുടെ കീഴിൽ കൊണ്ടുവരുകയാണെങ്കിൽ കൊച്ചിയുടെ ടൂറിസം മേഖലയിൽ വലിയ കുതിപ്പിനും വികസനത്തിനും കാരണമാകും. നിലവിൽ മട്ടാഞ്ചേരി പ്രദേശത്തെ ടൂറിസം ഡെസ്റ്റിനേഷൻ ലിസ്റ്റിൽ പെടുത്തിയിട്ടില്ല. പത്തോളം ഏജൻസികൾ ഫോർട്ടുച്ചി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഏജൻസികളിൽ നിയമിക്കപ്പെട്ട പലഉദ്യോഗസ്ഥരും ഹെറിട്ടേജ് ടൂറിസം സംബന്ധിച്ച് യാതൊരു ഗ്രാഹ്യവും ഇല്ലാത്തവരാണ്. ഇതു ഹെറിറ്റേജുകളുടെ വികസന സങ്കൽപ്പങ്ങൾ താറുമാറാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നിവേദനങ്ങൾ നൽകാൻ ഹാറ്റ്സ് ഡയറക്ടറെ ചുമതലപ്പെടുത്തി. യോഗം കുമ്പളങ്ങി പഞ്ചായയത് പ്രസിഡന്റ് ലീജാ തോമസ്ബാബു ഉദ്ഘടനം ചെയ്തു. സെർജിൽ പുഴയോരം അദ്ധ്യക്ഷതവഹിച്ചു.
പി. എ. സഗീർ, എം.പി. ശിവദത്തൻ, സന്തോഷ ടോം, ഷാജി കുറുപ്പശേരി, ടി.എം. ലൂവീസ്, ലാലൻ കല്ലഞ്ചേരി, ആന്റണി കണക്കാനാട്ട് , ഡേവിഡ് ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.