കോലഞ്ചേരി: കടയിരുപ്പ് കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള കൊടും വളവ് അപകട ഭീഷണിയകുന്നു. ഇരു ദിശകളിൽ നിന്നു വരുന്ന വാഹനങ്ങൾ വളവ് തിരിയുമ്പോൾ നിയന്ത്രണം കിട്ടാതെ അപകടതിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. കൂടാതെ ഈ വളവിൽ നിന്നും മഴുവന്നൂർ റോഡിലേക്ക് വാഹനങ്ങൾ അശ്രദ്ധമായി തിരിയുന്നതും അപകടത്തിന് കാരണമാണ്. കഴിഞ്ഞ ദിവസം ഇവിടെവച്ച് കാറുകൾതമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ അത്ഭുതകരമായാണ് ആളകൾ രക്ഷപ്പെട്ടത്. കൂടാതെ ഈ വളവിൾത്തന്നെയുള്ള വലിയ കുഴിയും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ബി.എം. ബി.സി നിലവാരത്തിൽ റോഡ് നവീകരിച്ചപ്പോൾ വന്ന അപാകതയിൽ റോഡ് തകർന്ന് തുടങ്ങിയിട്ടുണ്ട്. കാനകളുടെ നിർമാണത്തിനോ വളവുകൾ നിവർത്തുന്നതിനോ വേണ്ടത്ര പ്രാധാന്യം നൽകാത്തതാണ് കാരണം. റോഡിൽ ശാസ്ത്രീയമായ വേഗനിയന്ത്രണ സംവിധനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കോലഞ്ചേരി പട്ടിമറ്റം റോഡിൽ ഉടനീളമുള്ള മരണക്കെണിയായ കുഴികളും അടിയന്തിരമായി നികത്തി സുരക്ഷിതമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.