ആലുവ: നവാഗതരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ ചൂണ്ടി ഭാരത് മാത കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് കെ.എസ്.യു പ്രവർത്തകരും രണ്ട് എസ്.എഫ്.ഐ പ്രവർത്തകരും മർദ്ദനമേറ്റ് ആശുപത്രിയിലായി.
കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലാം, ബ്ളോക്ക് ജനറൽ സെക്രട്ടറിമാരായ അബി വക്കാസ്, ഫാബിയോ ടോമി എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിലും എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് സി.ഐ. ഷെഫിൻ, ജോയിന്റ് സെക്രട്ടറി ദേവരാജ് സുബ്രഹ്മണ്യൻ എന്നിവരെ കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. തിങ്കളാഴ്ച ക്ളാസ് ആരംഭിച്ച ആർട്സ് കോളേജിന് മുമ്പിൽ എസ്.എഫ്.ഐ കെട്ടിയ പോസ്റ്റർ കാണുന്നില്ലെന്നാരോപിച്ച് അനാവശ്യമായി മർദ്ദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു. എടത്തലയിൽനിന്ന് സി.പി.എം പ്രവർത്തകരും എറണാകുളത്ത് നിന്ന് എസ്.എഫ്.ഐ ജില്ലാ നേതാക്കളുമെത്തിയാണ് അക്രമണം നടത്തിയതെന്നും കെ.എസ്.യു ബ്ളോക്ക് പ്രസിഡന്റ് അൽ അമീൻ ആരോപിച്ചു.
അതേസമയം ലാ കോളേജിന് മുമ്പിൽ എസ്.എഫ്.ഐ ബുക്ക് ചെയ്തിരുന്ന ഭാഗം കെ.എസ്.യു കൈയേറിയത് ചോദ്യംചെയ്തതിന്റെ പേരിൽ പുറത്തുനിന്നുമെത്തിയ സംഘമാണ് മർദ്ദിച്ചതെന്ന് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി എസ്. ഹരികൃഷ്ണൻ പറഞ്ഞു. ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്തതായി എടത്തല സി.ഐ പി.ജെ. നോബിൾ പറഞ്ഞു.
സമാധാനകമ്മിറ്റി രൂപീകരിച്ചു
ചൂണ്ടി ഭാരത് മാത ലാ കോളേജും ആർട്സ് കോളേജും കേന്ദ്രീകരിച്ച് വിദ്യാർത്ഥി സംഘട്ടനം പതിവായ സാഹചര്യത്തിൽ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സമാധാന കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ എടത്തല പൊലീസ് സ്റ്റേഷനിലായിരുന്നു യോഗം. ഇരുകോളേജുകളിലെയും പ്രിൻസിപ്പൽമാർ, സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമാധാന കമ്മിറ്റി.