ആലുവ: മഹാപ്രളയത്തിൽ നദികളിൽ അടിഞ്ഞ എക്കലും ചെളിയും മാലിന്യങ്ങളും നീക്കുന്ന നടപടികൾ തുടരുകയാണെന്ന് റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞത് ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുന്ന നടപടിയാണെന്ന് അൻവർ സാദത്ത് എം.എൽ.എ ആരോപിച്ചു.
പ്രളയത്തെത്തുടർന്ന് പൊരിയാറിലെ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിക്കാൻ ചെളിയും എക്കലും മറ്റ് മാലിന്യങ്ങളും നീക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുമ്പോഴാണ് മന്ത്രി നടപടിയാരംഭിച്ചതായി അറിയിച്ചത്. എന്നാൽ ഇതിനായി പഠനം നടത്തി സമിതി രൂപീകരിച്ചെന്നും ചെളിനീക്കം ചെയ്തിട്ടുണ്ടെന്നുമുള്ള സർക്കാർ അവകാശവാദം പൊള്ളയാണെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. നദികളുടെ ആവാസവ്യവസ്ഥക്ക് കോട്ടമുണ്ടാക്കാതെ മണ്ണും ചെളിയും പൂർണമായി സർക്കാർ നിയന്ത്രണത്തിൽ നീക്കണം. 2018ലെയും 19ലെയും പ്രളയത്തിൽ പെരിയാറിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും മറ്റുമാലിന്യങ്ങളും നീക്കണമെന്നാവശ്യപ്പെട്ട് സർക്കാരിൽ പലവട്ടം കത്ത് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയം സബ് മിഷനായി ഉന്നയിച്ചതെന്ന് എം.എൽ.എ പറഞ്ഞു.
സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും, ഇത് വീണ്ടും സഭയിൽ ഉന്നയിക്കുമെന്നും എം.എൽ.എ അറിയിച്ചു.
ആവശ്യമായ നടപടിതുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി
നദികളിൽ അടിഞ്ഞ എക്കലും ചെളിയും മാലിന്യങ്ങളും നീക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയം ഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനം, വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പരിസ്തിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് സെക്രട്ടറി ഡയറക്ടർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റി 2019 നവംബർ 16ന് രൂപീകരിച്ചിരുന്നു. സമിതി ബന്ധപ്പെട്ട കളക്ടർമാരെ ചുമതലപ്പെടുത്തി 2019 ഡിസംബറിൽ ഉത്തരവിറക്കിയിട്ടുണ്ട്. ദുരന്തനിവാരണനിധിയിൽ ആവശ്യമായ തുക അനുവദിച്ചു. ഇതിന്റെ ഭാഗമായി പെരിയാർ, മൂവാറ്റുപുഴയാർ എന്നിവയിലെ എക്കലും ചെളിയും മാലിന്യങ്ങളും നീക്കിയിട്ടുണ്ടെന്നും വിഷയം പഠനവിധേയമാക്കി ആവശ്യമായ നടപടികൾ മേജർ ഇറിഗേഷൻ എൻജിനീയർ മുഖാന്തിരം നടത്തുന്നുണ്ടെന്നും മന്ത്രി സഭയിൽ മറുപടി നൽകി.