കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിക്ക് സമീപത്തു നിയമങ്ങൾ ലംഘിച്ചാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മിക്കുന്നതെന്നാരോപിച്ച് ഖായിദേമില്ലത്ത് ഫൗണ്ടേഷൻ സെക്രട്ടറി സി.എ. ഫൈസൽ നൽകിയ ഹർജിയിൽ സർക്കാരും കൊച്ചി നഗരസഭയും ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.

സർക്കാർ, റവന്യൂ രേഖകളിൽ കുളമെന്ന് രേഖപ്പെടുത്തിയ സ്ഥലത്താണ് നിർമ്മാണം നടക്കുന്നതെന്നും 2002 ൽ ഫോർട്ട്കൊച്ചി ആർ.ഡി.ഒ പ്രദേശത്തെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും തടഞ്ഞിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ഇവിടെ പത്തായത്തോട് നികത്തുന്നതിനെതിരെ നടപടിയെടുക്കാൻ നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശവും നൽകിയിരുന്നു. ഈ ഉത്തരവുകൾ നിലനിൽക്കെയാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മിക്കാൻ നഗരസഭ അനുമതി നൽകിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.