നെടുമ്പാശേരി: ശക്തമായ മഴയും ഡാമുകൾ തുറക്കുകയും ചെയ്തതോടെ ചാലക്കുടിയാറ്റിൽ ജലവിതാനം ഉയർന്നതിനെത്തുടർന്ന് ചെങ്ങമനാട് പഞ്ചായത്തിലെ തേറാട്ടിക്കുന്ന് ഭാഗത്തെ നെൽക്കൃഷി വ്യാപകമായി നശിച്ചു.
ചെങ്ങമനാട് പഞ്ചായത്ത് ഒന്നാംവാർഡിലെ തേറാട്ടിക്കുന്ന് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 4.5 ഏക്കറിൽ ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ 'ഗ്രീൻ ചെങ്ങമനാട് ' പദ്ധതിയിലെ സാമ്പത്തിക സഹായത്തോടെ ഉമ വിത്തുപയോഗിച്ച് മുണ്ടകൻ കൃഷിക്കായി ആരംഭിച്ച പായ ഞാറ്റാടിയാണ് വെള്ളംകയറി നശിച്ചത്. പല പ്രതിസന്ധികളുണ്ടായിട്ടും പരമ്പരാഗത നെൽകർഷകർ പാട്ടത്തിനെടുത്ത് ഏറെ ക്ളേശം സഹിച്ച് വർഷങ്ങളായി നിലനിർത്തിവരുന്ന നെൽക്കൃഷിയാണ് നശിച്ചത്.
വാർഡ് അംഗം റെജീന നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ഗോപി, തേറാട്ടിക്കുന്ന് പാടശേഖരസമിതി പ്രസിഡന്റ് എ.എസ്. ഷാജി, സെക്രട്ടറി എ.ബി. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, മറ്റ് ബന്ധപ്പെട്ട അധികാരികളെയും സമീപിച്ച് വീണ്ടും കൃഷി ഇറക്കാൻ വിത്തിനും മറ്റു സഹായങ്ങൾക്കും അപേക്ഷിച്ചിരിക്കുകയാണ്.