കൊച്ചി: സ്‌പോർട്‌സ് ഉപകരണങ്ങൾ വിൽക്കുന്ന ഇടപ്പള്ളിയിലെ എസ് 36 എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാളും എറണാകുളം മാമംഗലം സ്വദേശിയുമായ ജയൻ തെക്കേടത്തിന്റെ (42) മൃതദേഹം പുഴയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ ആസ്റ്റർ മെഡിസിറ്റിക്ക് പിന്നിലുള്ള പുഴയിലാണ് പൊലീസിന്റെ പരിശോധനയിൽ ജഡം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ജയനെ കാണാനില്ലെന്ന് ഞായറാഴ്ച സുഹൃത്ത് പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ചൊവ്വാഴ്ച ജയന്റെ പോളോ കാർ കോതാട് ചേരാനല്ലൂർ പാലത്തിന് സമീപം കണ്ടെത്തി. താക്കോൽ ഊരിമാറ്റാത്ത നിലയിലായിരുന്നതിനാൽ പാലത്തിന് താഴെ പൊലീസും അഗ്‌നിരക്ഷാസേനയും തെരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്ന് താഴെ മാറിയാണ് ഇന്നലെ ജഡം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. പത്ത് വർഷം മുമ്പ് ജയൻ വിവാഹബന്ധം വേർപെടുത്തിയിരുന്നു.
ക്രിക്കറ്റ് താരം എസ്. ശ്രീശാന്താണ് എസ് 36ന്റെ പാർട്ട്ണർമാരിൽ ഒരാൾ. ഇടപ്പള്ളിക്ക് പുറമേ കാക്കനാടും എസ് 36 ആരംഭിച്ചിരുന്നു. ജയന് സ്വന്തമായി ക്രിക്കറ്റ് ടീമുമുണ്ടായിരുന്നു. ബാങ്ക് ജീവനക്കാരനായിരുന്ന ജയൻ ജോലി ഉപേക്ഷിച്ചാണ് ക്രിക്കറ്റ് രംഗത്തേക്കിറങ്ങിയത്.