ആലുവ: കോൺജെൻഷ്യൽ മസ്‌കുലാർ ഡിസ്ട്രോഫി എന്ന അപൂർവരോഗത്തിന് ചികിത്സയിലായ ഇരട്ട സഹോദരങ്ങൾക്ക് സഹായവുമായി ഹൈബി ഈഡൻ എം.പി .രണ്ട് ബൈപാപ്പ് മെഷീനുകൾ സംഘടിപ്പിച്ചു. അൽ ഫൈസിനും അൽമൈറയ്ക്കും വീട്ടിലെത്തി നാലുലക്ഷം രൂപ വിലവരുന്ന മെഷീൻ കൈമാറി.
കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടത്ത് താമസിക്കുന്ന നാലരവയസായ രണ്ടുപേർക്കും എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കുന്ന രോഗമാണ്. സ്വന്തമായി ഇരിക്കുവാനോ മറ്റുള്ള കാര്യങ്ങൾ ചെയ്യുവാനോ സാധിക്കുകയില്ല. ഭീമമായ തുക ചികിത്സയ്ക്കായി വേണം. കഴിഞ്ഞ സെപ്തംബറിൽ ഇരുവരും ഐ.സി.യുവിൽ ആയിരുന്നു. ശ്വാസകോശം ചുരുങ്ങുന്നതിനാൽ തനിയെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന ഇവർക്ക് ബൈപാപ്പ് മെഷീന്റെ സഹായത്തോടെ മാത്രമേ കൃത്യമായ ശ്വാസോച്ഛാസം സാദ്ധ്യമാവുകയുള്ളു. മാസം പതിനായിരം രൂപ വാടകയുള്ള ചെറിയ രണ്ട് ബൈപപ്പ് മെഷീനുകളാണ് ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നത്. ചികിത്സാചെലവും ബൈപാപ്പ് മെഷീന്റെ വാടകയുമെല്ലാം കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
ഇതേത്തുടർന്നാണ് ഹൈബി ഈഡൻ എം.പി എറണാകുളം ജനറൽ ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോ. അതുൽ മാനുവലുമായി ബന്ധപ്പെട്ട് രണ്ട് ബൈപാപ്പ് മെഷീനുകൾ സംഘടിപ്പിച്ചത്.
ഏറെ ദുരിതപൂർണമായ അവസ്ഥയാണ് ഈ കുട്ടികളുടേതെന്ന് എം.പി പറഞ്ഞു. തുടർ ചികിത്സ ഇവരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടാണ്. സുമനസുകൾ ഇത്തരം വിഷയങ്ങളിൽ സഹായ ഹസ്തവുമായി എത്തണമെന്ന് എം.പി അഭ്യർത്ഥിച്ചു. ഡോ. അതുൽ മാനുവലും നിരവധി കോൺഗ്രസ് പ്രവർത്തകരും എം പിയോടൊപ്പം ഉണ്ടായിരുന്നു.