കോതമംഗലം: ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന അറാക്കാപ്പിൽ നിന്നുള്ള ആദിവാസികളെ ഇറക്കിവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്. വാസയോഗ്യമല്ലാത്ത ഊരിൽ നിന്നു പലായനം ചെയ്ത ആദിവാസികളാണ് ഇടമലയാറിൽ കഴിയുന്നത്.
കേരള പിറവി ദിനത്തിലാന്ന് കേരളത്തിലെ ഏറ്റവും പിന്നാക്ക അവസ്ഥയിലുള്ള 12 ആദിവാസി കുടുംബങ്ങളെ തെരുവിൽ ഇറക്കി വിടുന്നത്. ഇവരെ പുനരധിവസിപ്പിക്കാൻ തയാറാവാത്ത സർക്കാർ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം കുറ്റപ്പെടുത്തി.
കുടിയിറക്കൽ ഭീഷണിയിൽ കഴിയുന്നവരെ സന്ദർശിക്കാൻ എത്തിയതായിരുന്നു യു.ഡി.എഫ് സംഘം.
അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ അറാക്കാപ്പ് കോളനിയിൽ നിന്നുള്ള 39 പേരാണ് മാസങ്ങൾക്ക് മുൻപ് വൈശാലി ഗുഹയ്ക്കു സമീപം അഭയം പ്രാപിച്ചത്. എന്നാൽ വനം വകുപ്പ് അധികൃതർ അവരെ നിർബന്ധപൂർവം ഒഴിപ്പിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യമില്ലാത്ത ഹോസ്റ്റലിൽ കാടിന്റെ മക്കളുടെ ജീവിതം ദുരിത പൂർണമാണ്.അതിനിടെയാണ് ഇവിടെ നിന്നും ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നത്.
പന്തപ്ര ആദിവാസി കോളനിയിൽ പുനരധിവസിപ്പിക്കണം
സർക്കാരിന്റെ ഭാഗത്തു നിന്നു മനുഷ്യത്വപരമായ ഇടപെടൽ ഉണ്ടാകണം. പന്തപ്ര ആദിവാസി കോളനിയിൽ ഇവരെ പുനരധിവസിപ്പിക്കണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ജെയിംസ് കോറമ്പേൽ, ഇ.സി.റോയി, ജോഷി പൊട്ടയ്ക്കൽ, എൽദോസ് ബേബി, കെ.എസ്.സനൂപ്, പി.ഡി.ബേബി എന്നിവരും യു.ഡി.എഫ് ജില്ലാ കൺവീനറോടൊപ്പം ഉണ്ടായിരുന്നു.