andrews-thazhath

കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ക്രൈസ്തവരോട് പുലർത്തുന്ന വിവേചനം പ്രതിഷേധാർഹമാണെന്ന് സീറോ മലബാർസഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ന്യൂനപക്ഷ ക്ഷേമവകുപ്പ് വർഷങ്ങളായി നിലനിർത്തിയ 80:20 എന്ന വിവേചനപരമായ അനുപാതം ഭരണഘടനാ വിരുദ്ധമാണെന്നും സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വീതിക്കണമെന്നുമുള്ള കേരളാ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപ്പീൽ പിൻവലിക്കണം. ന്യൂനപക്ഷങ്ങൾക്കിടയിൽ വേർതിരിവുകൾ പാടില്ലെന്നും അത്തരം വേർതിരിവുകൾ ഭരണഘടന അനുശാസിക്കുന്ന ന്യൂനപക്ഷ തത്വങ്ങൾക്ക് വിരുദ്ധമാണെന്നുമുള്ള ഹൈക്കോടതി വിധി സർക്കാർ അംഗീകരിക്കണം. സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ആർച്ചുബിഷപ്പ് അറിയിച്ചു.