മൂവാറ്റുപുഴ: കനത്ത മഴയെത്തുടർന്ന് ആരക്കുഴ പഞ്ചായത്തിലെ ലാക്കോട് പാടശേഖരം ഉൾപ്പെടുന്ന മീങ്കുന്നം പ്രദേശത്ത് വെള്ളം കയറി. ഇന്നലെ വൈകുന്നേരത്തോടെ പെയ്ത മഴയിൽ മലവെള്ളം കുത്തിയൊഴുകിയെത്തി ലാക്കോട് മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി. ഏർത്തടത്തിൽ പോൾ, ചിറകണ്ടത്തിൽ വർഗീസ്, പൊൻകല്ലുങ്കൽ ജോസ് തുടങ്ങി നിരവധി പേരുടെ വീടുകളിൽ വെള്ളം കയറി. മീങ്കുന്നം സെന്റ് ജോസഫ് പള്ളിക്ക് സമീപം ഇരപ്പ് തോടിൽ വെള്ളം കുത്തിയൊഴുകി പള്ളിപ്പറമ്പിൽ സാജുവിന്റെ വീട് അപകടഭീഷണിയിലായി. പള്ളിക്ക് മുകൾ പ്രദേശത്തുണ്ടായിരുന്ന മയിലാടുംപാറ എന്ന മല പാറ ഖനനത്തിൽ തകർന്നിരുന്നു. മയിലാടുംപാറയുടെ താഴെയുള്ള മീങ്കുന്നം പാടശേഖരത്തിൽ നെൽക്കൃഷിയും നാമമാത്രമായതോടെ തോടുകളും മൂടി. ജലം ശേഖരിക്കാനും ഒഴുക്കി വിടാനുമുള്ള മാർഗ്ഗങ്ങൾ ഇത്തരത്തിൽ അടഞ്ഞു. ഇതോടെയാണ് കീഴ്ഭാഗത്ത് എം.സി.റോഡിനോട് ചേർന്ന ലാക്കോട് പാടശേഖരത്തിലും സമീപമുള്ള വീടുകളിലും വെള്ളം കയറിത്തുടങ്ങിയത്. ഇവിടെണ്ടായിരുന്ന നീർച്ചാലുകൾ നന്നാക്കി നീരൊഴുക്ക് പുനസ്ഥാപിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.