മുളന്തുരുത്തി: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ ബാഗിൽ നിന്ന് ബസ് യാത്രക്കിടയിൽ പതിനൊന്നര പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. കാഞ്ഞിരമിറ്റം മേച്ചേരിൽ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ രജനിയാണ് ഇതു സംബന്ധിച്ച് ചോറ്റാനിക്കര, തൃപ്പൂണിത്തുറ, മുളന്തുരുത്തി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആമ്പല്ലൂർ പഴയ പഞ്ചായത്തിൽ നിന്നാണ് ഇവർ തൃപ്പൂണിത്തുറയിലെ ഓഫീസിലേയ്ക്ക് പോകുന്നതിനായി സ്വകാര്യബസിൽ കയറിയത്. ഇവർ ഇരുന്ന സീറ്റിൽ പരിചയക്കാരിയായ സ്ത്രീയും ഉണ്ടായിരുന്നു. ബസ് ചോറ്റാനിക്കരയിൽ എത്തിയപ്പോൾ ഇവർ അവിടെ ഇറങ്ങി. പകരം മറ്റൊരു സ്ത്രീ ഈ സീറ്റിൽ ഇരുന്നു. ഇവിടംമുതൽ ബസിൽ നല്ല തിരക്കായിരുന്നു. കുരീക്കാട് റെയിൽവേ ഗേറ്റ് അടച്ചതിനാൽ സമയവും വൈകി. തൃപ്പൂണിത്തുറയിൽ അമ്പലത്തിനു സമീപം എത്തിയപ്പോൾ കൂടെ ഇരുന്നിരുന്ന സ്ത്രീയും ഇറങ്ങി. പിന്നീട് വടക്കേക്കോട്ടയിൽ ബസിറങ്ങി ഓഫീസിലെത്തി നോക്കിയപ്പോൾ ആഭരണം വച്ചിരുന്ന ബാഗിന്റെ സിപ്പ് തുറന്നുകിടക്കുന്നതായി കണ്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ്‌ ആഭരണം നഷ്ടപ്പെട്ടുവെന്ന് മനസിലായതെന്ന് ഇവർ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.