കൊച്ചി: വീട്ടിൽ മണ്ണില്ലെന്ന വിഷമത്തിൽ കൃഷിചെയ്യാൻ മടിച്ചിരിക്കുന്ന നഗരവാസികൾക്ക് ആശ്വാസമാവുകയാണ് കൊച്ചി കോർപ്പറേഷന്റെ കാർഷികസഹായം. മണ്ണും വളവും നിറച്ച ഗ്രോബാഗിൽ മുളപ്പിച്ച പച്ചക്കറി തൈകൾ തുച്ഛമായ തുകയ്ക്ക് വീടുകളിൽ എത്തിക്കും. കൃഷിഭവനുകൾ മുഖേനയാണ് വിത്തുകളും തൈകളും വിതരണം ചെയ്യുന്നത്. വാർഡുസഭകൾ വഴി കൗൺസിലർമാർ ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ എത്തിക്കും. 100 മുതൽ 1500 വരെ ഗ്രോബാഗുകളാണ് മുൻ വർഷങ്ങളിൽ ഓരോ ഡിവിഷനിലും എത്തിച്ചത്. ഇതിനുപുറമെ മഴമറ കൃഷിക്കും സാമ്പത്തികസഹായം നൽകുന്നുണ്ട്. വീട്ടമ്മമാരും ഉദ്യോഗത്തിൽനിന്ന് വിരമിച്ചവരും മാത്രമല്ല താത്പര്യത്തോടെ കൃഷിതുടരുന്ന ധാരാളം ചെറുപ്പക്കാരും നഗരത്തിലുണ്ടെന്ന് കൃഷിഭവൻ ജീവനക്കാർ പറയുന്നു.
ഓണക്കൃഷിക്ക് ശേഷം 74 ഡിവിഷനുകൾക്കുമായി 45000 പച്ചക്കറിത്തൈകൾ വിതരണംചെയ്തു.
ഒരു സ്ക്വയർ മീറ്ററിന് 500 രൂപ എന്ന കണക്കിൽ എട്ടു മഴമറകൾക്ക് സഹായം നൽകി.
മണ്ണും വളവും മുളച്ച തൈകളുമായി 200 യൂണിറ്റ് ഗ്രോബാഗുകൾ ആവശ്യക്കാർക്ക് എത്തിച്ചു.
ഓരോ യൂണിറ്റിലും 25 ഗ്രോബാഗ്. വില 500 രൂപ
ജനകീയാസൂത്രണ പദ്ധതിവഴി പത്ത് ഗ്രോബാഗ്. വില 200 രൂപ
പി.എം.കിസാൻ യൂണിറ്റ് വഴി കർഷകർക്ക് 6000 രൂപ
ഒഴിഞ്ഞ സ്ഥലങ്ങൾ
കൃഷി ഭൂമിയാക്കണം
പാമ്പും എലിയും ആഫ്രിക്കൻ ഒച്ചും മാലിന്യങ്ങളും നിറഞ്ഞ ഒഴിഞ്ഞ പ്രദേശങ്ങൾ അധികൃതർക്ക് തലവേദനയാണ്. റെസിഡന്റ്സ് അസോസിയേഷനുകളും കർഷകസംഘടനകളും ഒത്തുചേർന്നാൽ ഈ സ്ഥലങ്ങൾ കൃഷിഭൂമിയാക്കാം. ചമ്പക്കര ഡിവിഷനിൽ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടു കിടന്ന സ്ഥലത്തെ കൃഷിയിൽ നിന്ന് ഓണത്തിന് ആയിരത്തോളം വാഴക്കുലകൾ ലഭിച്ചു. ഡിവിഷൻതലത്തിൽ കാർഷികകൂട്ടായ്മകൾ പ്രോത്സാഹിപ്പിക്കണം .
വി.പി. ചന്ദ്രൻ
മുൻ കൗൺസിലർ
വേണം ബോധവത്കരണം
കൃഷിക്ക് ആവശ്യമായ സഹായങ്ങൾ കോർപ്പറേഷനിൽനിന്ന് ലഭിക്കുമെന്ന വിവരം സാധാരണക്കാർക്ക് അറിയില്ല. ഇതിനായി ബോധവത്കരണ പരിപാടികൾ നടത്തണം. കുടുംബശ്രീയുടെ സഹകരണത്തോടെ മികച്ച കർഷകർക്ക് പുരസ്കാരങ്ങൾ നൽകണം. അത്യുത്പാദന ശേഷിയുള്ള വിത്തും തൈകളും വിതരണം ചെയ്യണം. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇടയ്ക്കിടെ പുരോഗതി വിലയിരുത്തണം.
സി.കെ.പീറ്റർ, മുൻ കൗൺസിലർ
ആവശ്യത്തിന് ജീവനക്കാരില്ല
കോർപ്പറേഷനിലെ കാർഷിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി കൃഷിഭവനിൽനിന്ന് ഒരേയൊരു ഉദ്യോഗസ്ഥൻ മാത്രമാണുള്ളത്. ഡേറ്റാബാങ്കുമായി ബന്ധപ്പെട്ട പരാതികൾ തീർക്കേണ്ടതും ഇദ്ദേഹം തന്നെ. ഇത്തരത്തിൽ രണ്ടായിരത്തോളം പരാതികളാണ് മുന്നിലുള്ളത്. അതിനിടെ കൃഷിയുടെ കാര്യത്തിൽ വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ ഇദ്ദേഹത്തിന് കഴിയുന്നില്ലെന്ന് കൗൺസിലർമാർ പറയുന്നു