കൊച്ചി: മോൻസൺ മാവുങ്കലിന് പൊലീസ് സംരക്ഷണം നൽകിയെന്ന ആരോപണം ശരിയല്ലെന്നും ഇയാൾക്കെതിരായ കേസുകളിൽ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും ഡി.ജി.പി അനിൽ കാന്ത് ഹൈക്കോടതിയിൽ അറിയിച്ചു. മോൻസണിനെതിരെ പരാതി നൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി. അജിത് നൽകിയ ഹർജിയിലാണ് ഡി.ജി.പി സത്യവാങ്മൂലം നൽകിയത്. മോൻസണിനെതിരെ ശ്രീവത്സം രാജേന്ദ്രൻപിള്ള നൽകിയ സാമ്പത്തിക തട്ടിപ്പു കേസിൽ അജിത് മൂന്നാം പ്രതിയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടായിരുന്ന മോൻസണിനെതിരായ കേസുകൾ പൊലീസ് അന്വേഷിച്ചാൽ മതിയോയെന്ന് വ്യക്തമാക്കാൻ ഡി.ജി.പിയോടു ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
മോൻസന്റെ വീട്ടിൽ പോയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇയാൾ തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞില്ലേയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഡി.ജി.പി മറുപടി നൽകിയിട്ടുണ്ട്. 2019 മേയ് 11നാണ് അന്നത്തെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോൻസന്റെ വസതിയിൽ പോയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
സന്ദർശനത്തിനുശേഷം സംശയം തോന്നിയ എ.ഡി.ജി.പി ഇക്കാര്യം അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദ്ദേശം നൽകി. ആഡംബര കാറുകളും മറ്റു വസ്തുക്കളും മോൻസൺ കൈവശം വച്ചിരിക്കുന്നത് സംശയകരമാണെന്നും സാമ്പത്തിക സ്രോതസ് ഉൾപ്പെടെ ഇ.ഡി അന്വേഷിക്കേണ്ടതാണെന്നും 2020 ജനുവരി ഒന്നിന് റിപ്പോർട്ട് നൽകി. തുടർന്ന് ഡി.ജി.പി ഇക്കാര്യം അന്വേഷിക്കാൻ കത്തു നൽകിയിരുന്നു. മോൻസന്റെ പരാതിയിൽ അന്വേഷണച്ചുമതല ആലപ്പുഴ സി-ബ്രാഞ്ച് ഡിവൈ.എസ്.പിയിൽ നിന്ന് ചേർത്തല എസ്.ഐക്ക് മാറ്റി നൽകിയ ഐ.ജി ലക്ഷ്മണന്റെ നടപടി എ.ഡി.ജി.പി റദ്ദാക്കിയിരുന്നു.
ഇതിൽ ലക്ഷ്മണനോടു വിശദീകരണവും തേടി. മോൻസണിന് പൊലീസ് സംരക്ഷണം നൽകിയിരുന്നെന്ന ആരോപണം ശരിയല്ല. വിലയുള്ള പുരാവസ്തുക്കൾ സൂക്ഷിക്കുന്നതിനാൽ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മോൻസൺ ഡി.ജി.പിക്ക് അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് കലൂരിലെ വസതിക്കു മുന്നിൽ പോയിന്റ് ബുക്ക് സ്ഥാപിച്ചു. ഒരു മേഖലയിൽ പട്രോളിംഗ് നടത്തുമ്പോഴുള്ള സ്ഥിരം നടപടി മാത്രമാണിത്. പ്രത്യേക നിരീക്ഷണമോ പൊലീസ് സംരക്ഷണമോ നൽകിയിരുന്നില്ല. മോൻസണിനെതിരായ പരാതികൾ അന്വേഷിക്കാൻ എ.ഡി.ജി.പിയുടെ (ക്രൈം) നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കഴിവിൽ ആശങ്ക വേണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മോൻസണിനെതിരെ വീണ്ടും പീഡനക്കേസ്
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ ഒരു പീഡനക്കേസ് കൂടി. കലൂരിലെ ഇയാളുടെ മസാജിംഗ് കേന്ദ്രത്തിലെ ജീവനക്കാരിയാണ് ക്രൈംബ്രാഞ്ചിന് പരാതി സമർപ്പിച്ചത്.
മറ്റൊരു ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിന് മോൻസണിനെയും ഇയാളുടെ മേക്കപ്പ്മാനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
ഇറിഡിയം ലോഹത്തിന് ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞന്റെ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിൽ മോൻസണിനെ ഒക്ടോബർ 30 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ട് എറണാകുളം എ.സി.ജെ.എം കോടതി ഉത്തരവായി.
ഡോക്ടർമാർക്കെതിരെ ഇരയുടെ പരാതി
മോൻസൺ മാവുങ്കലിനെതിരായ പോക്സോ പീഡനക്കേസ് അട്ടിമറിക്കാൻ കളമശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ശ്രമിച്ചതായി ഇരയുടെ പരാതി. ഡോക്ടർമാർ തന്നെ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി കളമശേരി പൊലീസിൽ നേരിട്ടെത്തുകയായിരുന്നു. പരാതി ഇവിടെ രേഖാമൂലം നൽകിയിട്ടില്ല.
മെഡിക്കൽ പരിശോധനയ്ക്കെത്തിയ പെൺകുട്ടിയെ മൂന്ന് ഡോക്ടർമാരുള്ള മുറിയിലേക്ക് വിളിപ്പിച്ച് ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
പെൺകുട്ടിയുടെ പരാതിയിൽ ഒരു കഴമ്പുമില്ലെന്ന് മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ.ഗണേഷ് മോഹൻ പറഞ്ഞു.
മൂന്ന് വനിതാ ഡോക്ടർമാരാണ് കുട്ടിയെ പരിശോധിച്ചത്. ഒരു അലംഭാവവും ഉണ്ടായിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇതെല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.