കൊച്ചി: ശബരിമലയിൽ തിരക്കു നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം നിലവിലെ സാഹചര്യത്തിൽ പിൻവലിക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വനമേഖലയിലുള്ള ക്ഷേത്രത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതയും സുരക്ഷയും മുൻനിറുത്തി തിരക്കു നിയന്ത്രിക്കാൻ ഏറെ പ്രയാസമുണ്ട്. ഇതിനുള്ള സംവിധാനങ്ങൾ ദേവസ്വം ബോർഡിനില്ല. പൊലീസിനു മാത്രമേ തിരക്കു നിയന്ത്രിക്കാൻ കഴിയൂ. ശബരിമല തീർത്ഥാടനം സുഗമമാക്കാനാണ് വെർച്വൽ ക്യൂ ഏർപ്പെടുത്തിയത്. സർക്കാരിനോ പൊലീസിനോ മറ്റു താത്പര്യങ്ങളില്ല. 2011 മുതൽ നിലവിലുള്ള സംവിധാനം ഒരു പരാതിക്കുമിടയില്ലാതെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നതെന്നും സർക്കാർ വിശദീകരിച്ചു.
വെർച്വൽ ക്യൂ സംവിധാനത്തിന്റെ നിയന്ത്രണം പൊലീസിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കൈമാറണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ, ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ളോയീസ് ഫ്രണ്ട് എന്നിവർ നൽകിയ ഹർജികളിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
വെർച്വൽ ക്യൂ സംവിധാനം ബോർഡിനു കൈമാറണമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയും ജസ്റ്റിസ് അനിൽ നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതോടൊപ്പം പരിഗണിച്ചു.
പുല്ലുമേട് ദുരന്തത്തെ തുടർന്ന് തിരക്കു നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് വെർച്വൽ ക്യൂ സംവിധാനമൊരുക്കിയതെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു. കെൽട്രോണിന്റെ സഹായത്തോടെ തുടങ്ങിയ സംവിധാനം പിന്നീടാണ് ഹൈദരാബാദിലെ ടി.സി.എസുമായി സഹകരിച്ചു ചെയ്തത്. ആമസോൺ ക്ളൗഡ് സെർവറിൽ ഇതിനു സ്പേസ് വാങ്ങാൻ പൊലീസിന് സർക്കാർ അനുമതി നൽകി. ഇതിനാണ് വെർച്വൽ ക്യൂ പോർട്ടലിൽ പരസ്യം നൽകിയത്.
വെർച്വൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഭക്തരുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്കു കൈമാറുന്നെന്ന ആരോപണം ശരിയല്ല. കേന്ദ്ര സർക്കാർ പാസ്പോർട്ട് സേവനങ്ങൾക്കായി ടി.സി.എസ് കമ്പനിയെയാണ് നിയോഗിച്ചിട്ടുള്ളതെന്നും സർക്കാർ വിശദീകരിച്ചു. തിരക്കു നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ വിവരങ്ങൾ ഉൾപ്പെടെ സമർപ്പിക്കാൻ നിർദ്ദേശിച്ച ഡിവിഷൻ ബെഞ്ച് ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.