കൊച്ചി: ഓരോ മഴക്കാലത്തും മദ്ധ്യകേരളത്തെ ഭീതിയുടെ മുൾമുനയിലാക്കി വിവാദങ്ങളിൽ നിറയുന്ന മുല്ലപ്പെരിയാർ പാട്ടക്കരാറിന് ഇന്ന് 135 വയസ് പൂർത്തിയാകുന്നു.
1886 ഓക്ടോബർ 29 നാണ് തിരുവിതാംകൂറിനുവേണ്ടി ദിവാൻ വി. രാമഅയ്യങ്കാരും മദ്രാസ് പ്രസിഡൻസിക്കു വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണും 999 വർഷം കാലാവധിയുള്ള മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവച്ചത്. "എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതിൽ ഒപ്പ് വയ്ക്കുന്നു" എന്നാണ് വിഷമത്തോടെ അന്ന് വിശാഖം തിരുനാൾ മഹാരാജാവ് പ്രതികരിച്ചത്. ബ്രിട്ടീഷ് അധിനിവേശവും രാജഭരണവും അവസാനിച്ചെങ്കിലും കരാറിന് ഇനിയും 864 വർഷംകൂടി കാലാവധിയുണ്ട്. ജനിക്കാനിരിക്കുന്ന നിരവധി തലമുറകളുടെ അവകാശംകൂടിയാണ് ഭരണാധികാരികൾ പണയപ്പെടുത്തി വച്ചിരിക്കുന്നത്.
അറബിക്കടലിലേക്ക് ഒഴുകുന്ന പെരിയാറിനു കുറുകെ അണക്കെട്ട് നിർമ്മിച്ച്, മുഴുവൻ ജലവും തമിഴ് നാട്ടിലേക്കു കൊണ്ടുപോകാം എന്നതായിരുന്നു കരാറിന്റെ ഉള്ളടക്കം. 1895ൽ ബ്രട്ടീഷ് എൻജിനിയർ കേണൽ ജോൺ പെന്നിക് വിക്കിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കി അന്നത്തെ മദ്രാസ് ഗവർണർ ലോർഡ് വെൻലോക്ക് കമ്മിഷൻ ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
1947ൽ ഇന്ത്യ സ്വതന്ത്രമായതോടെ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് സർക്കാരുമായുള്ള എല്ലാ കരാറുകളും റദ്ദായെങ്കിലും 1970ൽ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് മുല്ലപ്പെരിയാർ കരാർ മുൻകാല പ്രാബല്യത്തോടെ പുതുക്കി നൽകി. അങ്ങനെ ഒരിക്കൽ കാലഹരണപ്പെട്ട കരാറിന് പുനർജന്മം ലഭിച്ചു. അതിന്റെകൂടി പരിണിതഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്ന ദുരന്തഭീഷണി.
വിവാദം സ്വാതന്ത്ര്യത്തിനു മുമ്പേ
സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ മുല്ലപ്പെരിയാർ സംബന്ധിച്ച് വിവാദം തുടങ്ങിയിരുന്നു. ജലസേചനത്തിനും കുടിനീരിനും മാത്രമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് മദ്രാസ് സർക്കാർ ലോവർക്യാമ്പിൽ വൈദ്യുതി ഉത്പാദനത്തിന് ശ്രമിച്ചതിനെ ചോദ്യംചെയ്ത് ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ആണ് ആദ്യവിവാദത്തിന് തിരികൊളുത്തിയത്. അതുസംബന്ധിച്ച് ഇരുപക്ഷത്തെയും ആർബിട്രേറ്റർ തലത്തിൽ വാദപ്രതിവാദങ്ങൾ നടന്നു. പ്രശ്നപരിഹാരമാകാതെ വന്നപ്പോൾ ബംഗാൾ ഹൈക്കോടതി ജഡ്ജിയായിരുന്ന നളിനി രഞ്ജൻ ചാറ്റർജിയെ അമ്പയർ ആയി നിയമിച്ചു. 1941 ജനുവരി 1 മുതൽ 5 വരെ നീണ്ടുനിന്ന വാദത്തിനുശേഷം 1941 മേയ് 12ന് തിരുവിതാംകൂറിന് അനുകൂലമായി അമ്പയർ വിധി പ്രസ്താവിച്ചു. എന്നാൽ, കരാർ റദ്ദാക്കാനായി സർ സി.പി. രാമസ്വാമി അയ്യർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മൗണ്ട് ബാറ്റൺപ്രഭു വഴങ്ങിയില്ല.