rajagiri-mary

ആലുവ: ട്രൈകസ്പിഡ് വാൽവിന്റെ തകരാറിനെത്തുടർന്ന് ഹൃദയം അസ്വാഭാവികമായി വലുതാവുകയും ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അപൂർവ രോഗവുമായി ആലുവ രാജഗിരി ആശുപത്രിയിലെത്തിയ കോലഞ്ചേരി സ്വദേശിനി മേരി (65) പൂർണാരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി.

ഹൃദയത്തിന്റെ വലതുഭാഗത്തെ വാൽവുകളുടെ പ്രവർത്തനം തകരാറിലാക്കുന്ന ട്രൈകസ്പിഡ് വാൽവ് റിഗർജിറ്റേഷൻ ബാധിച്ചിരുന്ന മേരിയെ പെർക്യൂട്ടെനിയസ് ബൈകാവൽ വാൽവ് ഇംപ്ലാന്റേഷൻ എന്ന ശസ്ത്രക്രിയ കൂടാതെയുള്ള പ്രക്രിയയിലൂടെയാണ് ഡോ. സുരേഷ് ഡേവിസിന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗവിദഗ്ദ്ധരുടെ സംഘം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത്. മൂന്നുവർഷം മുമ്പ് നടത്തിയ പരിശോധനയിലാണ് മേരിക്ക് അപൂർവരോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ വിദഗ്ദ്ധചികിത്സയ്ക്കായി രാജഗിരിയിൽ എത്തിക്കുകയായിരുന്നു.

വാൽവുകളിലെ തീവ്രമായ രക്തച്ചോർച്ചയെത്തുടർന്ന് ഹൃദയം വലുതായി പ്രവർത്തനം ക്ഷയിച്ചിരുന്നു. വാൽവിലെ തകരാറുകൾ പരിഹരിക്കുക, വാൽവ് മാറ്റിവയ്ക്കുക എന്നീ രണ്ടു മാർഗങ്ങൾ ഡോക്ടർമാർക്ക് മുന്നിലുണ്ടായിരുന്നെങ്കിലും രോഗിയുടെ പ്രായവും ആരോഗ്യസ്ഥിതിയും വെല്ലുവിളിയുയർത്തി. തുടയിലെ സിരകളിലൂടെ ഹൃദയത്തിന്റെ വലതുവശത്തേയ്ക്ക് നീളുന്ന രക്തക്കുഴലുകളിൽ ഒരു കത്തീറ്ററിന്റെ സഹായത്തോടെ കൃത്രിമവാൽവുകൾ ഘടിപ്പിച്ചു. ഇതിലൂടെ രക്തംചോരുന്നത് തടയാനും മറ്റവയവങ്ങൾക്ക് ഉണ്ടായേക്കാവുന്ന തകരാറും ലിവർ സിറോസിസും തടയാനായി.

16 ദിവസത്തെ തുടർചികിത്സയ്ക്കും പരിചരണത്തിനുംശേഷം സ്വാഭാവിക ഹൃദയത്തോടെ പൂർണാരോഗ്യവതിയായി മേരി വീട്ടിലേയ്ക്കുമടങ്ങി.