കൊച്ചി: തേവര മാർക്കറ്റിലെ കാലപ്പഴക്കംവന്ന കെട്ടിടം പൊളിച്ചുകളയണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തും. അഡ്വ.രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. 1973ൽ നിർമ്മിച്ച കെട്ടിടം ഏതുസമയവും നിലംപതിക്കാവുന്ന അവസ്ഥയിലായിട്ട് കാലങ്ങളായി. 2018ൽ ഈ കെട്ടിടം പൊളിക്കാൻ കൗൺസിൽ തീരുമാനിച്ചുവെങ്കിലും കോടതി ഇടപെടലിനെത്തുടർന്ന് നിറുത്തിവച്ചു. 2021 - 22 ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി 25 ലക്ഷം രൂപ ചെലവിൽ മാർക്കറ്റ് നവീകരിക്കാനുള്ള നീക്കത്തിൽനിന്ന് കോർപ്പറേഷൻ പിൻമാറണമെന്ന് ജനകീയ സമരസമിതി കൺവീനർ ജോൺ കോയിത്തറ ആവശ്യപ്പെട്ടു.