നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായതോടെ പഞ്ചായത്ത് നടപടി ശക്തമാക്കുന്നു. വഴിയോരങ്ങളിലും കൃഷിയിടങ്ങളിലും ജലസ്രോതസുകളിലും മറ്റും മാലിന്യം തള്ളുന്നത് വ്യാപകമാണ്.
വാഹനങ്ങൾ കണ്ടുകെട്ടി ഭീമമായ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി 12 -ാം വാർഡിലെ പുറയാർ തുമ്പാത്തോടിന് സമീപം പൊളിച്ച് മാറ്റുന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങൾ തള്ളിയിരുന്നു. സ്‌പോഞ്ചുകൾ, റെക്‌സിൻ, പൂതലിച്ച തടികൾ, ഗ്രീസുകൾ പുരണ്ട സാമഗ്രികൾ അടക്കമാണ് നിക്ഷേപിച്ചത്. പഞ്ചായത്ത് അംഗം നഹാസ് കളപ്പുരയിലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് മാലിന്യം തള്ളാനെത്തിയ ടോറസ് വാഹനത്തെ സംബന്ധിച്ച വിവരങ്ങൾ നിരീക്ഷണകാമറകളിൽനിന്ന് ശേഖരിച്ചിട്ടുണ്ട്.
മാലിന്യം തള്ളിയവർതന്നെ രാത്രി മുഴുവൻ മാലിന്യവും അഗ്നിക്കിരയാക്കിയിരുന്നു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീഅണച്ചു. രാത്രിയുടെ മറവിൽ പഞ്ചായത്തിലെ പലഭാഗത്തും മാലിന്യംതള്ളുന്നത് വ്യാപകമായതോടെ അടുത്തിടെ അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽപ്പോലും വിഷയം ഉന്നയിച്ചിരുന്നു. മാലിന്യംനീക്കുന്നതിന് കരാറെടുത്തവരുമായി ഒരു വിഭാഗം പൊലീസിന് ബന്ധമുണ്ടെന്നും ആക്ഷേപമുണ്ടായി. ഇതനുസരിച്ച് ഒരാൾക്കെതിരെ പൊലീസ് അച്ചടക്കനടപടിയും സ്വീകരിച്ചിരുന്നു. മാലിന്യംതള്ളുന്നത് തടയാൻ കർശനനടപടി സ്വീകരിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി അറിയിച്ചു.