കൊച്ചി: നാടകപ്രേമികളെ ആഹ്ളാദിപ്പിൻ. കൊവിഡ് ഇടവേളയ്ക്ക് ശേഷം പ്രതിമാസ നാടകോത്സവത്തിന് വീണ്ടും തിരശീല ഉയരുന്നു. നാളെ വൈകിട്ട് 6.15 ന് ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ പ്രതിമാസ നാടക പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന പ്രൊഫഷണൽ നാടകം വേനലവധി അരങ്ങേറും.രചന രാജേഷ് ഇരുളം.സംവിധാനം-ഹേമന്ത് കുമാർ. ടിക്കറ്റ് നിരക്ക് 20 ൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
നാടകകലയുടെ ജനപ്രീതി തിരിച്ചുപിടിക്കുക, കലാകാരൻമാർക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഗീതനാടക അക്കാഡമിയുടെയും കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ 2013 ഏപ്രിലിലാണ് പ്രതിമാസ നാടകമേള ആരംഭിച്ചത്. 20 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. നാടകം കാണാൻ ആസ്വാദകരുടെ തിരക്കായി.
2018 ലെ പ്രളയകാലത്ത് രണ്ട് ആഴ്ച ഇടവേള ഉണ്ടായെങ്കിലും വീണ്ടും കലാകാരൻമാർ തട്ടിൽ കയറി.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ചിൽ അടച്ചുപൂട്ടിയ നാടകശാല വീണ്ടും തുറക്കുന്നുവെന്ന വാർത്ത ആസ്വാദകർ ആഹ്ളാദത്തോടെ വരവേറ്റു. ടിക്കറ്റ് നിരക്ക് 50 രൂപയായി വർദ്ധിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.