പെരുമ്പാവൂർ: വല്ലം - പാണംകുഴി റോഡിൽ കുറിച്ചിലക്കോട് പാലത്തിനുസമീപം കോടനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തൊണ്ടി മുതലായി സൂക്ഷിച്ചിട്ടുള്ള 12 വാഹനങ്ങൾ മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ആവശ്യപ്പെട്ടു. വർഷങ്ങളായി വാഹനങ്ങൾ ഇവിടെ സൂക്ഷിക്കുന്നത് മൂലം പ്രദേശം കാടുകയറി ഇഴ ജന്തുക്കളുടെ കേന്ദ്രമായി മാറി. ടൂറിസത്തിന് പേരുകേട്ട പ്രദേശമായ കോടനാട് അഭയാരണ്യം, നെടുമ്പാറ ചിറ, പാണംകുഴി മഹാഗണി തോട്ടം, ഹരിത ബയോ പാർക്ക്, പാണിയേലി പോര് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്. മലയാറ്റൂർ കോടനാട് പാലം നിർമ്മാണ സമയത്താണ് കുറിച്ചിലക്കോട് കവലയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന വാഹനങ്ങൾ താത്കാലികമായി പുഞ്ചക്കുഴി പാലത്തിന് സമീപത്തേക്ക് മാറ്റിയത്. വാഹനങ്ങൾ ഇവിടെ നിന്നും മാറ്റുന്നതിനു നടപടി ഉണ്ടാകണമെന്ന് റൂറൽ എസ്.പി.യോടും പൊതുമരാമത്ത് വകുപ്പിനോടും ആവശ്യപ്പെടും. നിരവധി ടൂറിസ്റ്റുകൾ വന്ന് പോകുന്ന ഈ വഴിയോരത്ത് പൊതു ടോയ്‌ലറ്റ്ഇല്ലാത്തത് സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ടാണ്. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽപ്പെടുത്തി ഈ സ്ഥലത്ത് ശുചി മുറിയും, റെസ്റ്റോറന്റും, വിശ്രമ കേന്ദ്രവും പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാൻ തയ്യാറാകണമെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.വി. സുനിൽ, ജിജി ശെൽവരാജ്, വാർഡ് അംഗമായ കൃഷ്ണകുമാർ, സിനി എൽദോ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.പി. പ്രകാശ് എന്നിവർ സ്ഥലം സന്ദർശിച്ചു.