പറവൂർ: ദേശീയപാത 66 നിർമ്മാണത്തിനായി മൂത്തകുന്നം മുതൽ ഇടപ്പള്ളിവരെ സ്ഥലം ഏറ്റെടുത്ത ഭൂമടമകൾക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നു. ആറുമാസത്തിനകം പൂർത്തീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇന്നത്തോടെ ചേരാനല്ലൂർ, പറവൂർ, ഇടപ്പള്ളി, വടക്കേക്കര വില്ലേജുകളിലെ 29 പേർക്കായി 29.12 കോടി രൂപയുടെ വിതരണം പൂർത്തിയാകും.

ഇടയ്ക്ക് നികുതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഉണ്ടായത് നഷ്ടപരിഹാര വിതരണത്തെ തടസപ്പെടുത്തി. പിന്നീട് നികുതി പിടിക്കേണ്ടെന്ന തീരുമാനംവന്നു. അതിനാൽ നികുതി പിടിക്കാതെയാണ് പണംനൽകുന്നത്. ഓരോ വില്ലേജിന്റെയും സ്ഥലങ്ങളുടെയും പ്രത്യേകതകൾ അനുസരിച്ചു വിവിധ വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇടപ്പള്ളി, ചേരാനല്ലൂർ, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, പറവൂർ, വടക്കേക്കര, മൂത്തകുന്നം വില്ലേജുകളിലായി 34 ഹെക്ടറാണ് ഏറ്റെടുക്കുക. 8 വില്ലേജുകൾക്കായി 1114 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുക.

ഇതിൽ ദേശീയപാത അതോറിറ്റി സർക്കാരിന് കൈമാറിയ 253 കോടി രൂപയുടെ 50 ശതമാനം തുക വിതരണംചെയ്തു കഴിയുമ്പോൾ അടുത്തഗഡു ലഭിക്കും. രേഖകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകൾക്ക് നന്ത്യാട്ടുകുന്നത്തെ ലാൻഡ് അക്വിസിഷൻ സ്പെഷൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിൽനിന്ന് നോട്ടിസ് അയയ്ക്കുന്നുണ്ട്. നോട്ടീസ് ലഭിക്കുന്നതിന് കാത്തുനിൽക്കേണ്ടെന്നും രേഖകൾ കൃത്യമായി കൈവശമുള്ളവർക്ക് നന്ത്യാട്ടുകുന്നത്തെ ഓഫീസിലെത്തി കൈമാറാവുന്നതാണെന്നും ഡെപ്യൂട്ടി കളക്ടർ കെ.ജി. ജയകുമാർ പറഞ്ഞു. രേഖകൾ സംബന്ധിച്ച് ഉടമകളുമായുള്ള ഹിയറിംഗ് പിന്നീട് അറിയിക്കുന്ന ദിവസമായിരിക്കും നടക്കുക.