1
കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയവേദി കഴിഞ്ഞ രണ്ട് വർഷമായി നടത്തിവരുന്ന സമരത്തിന്റെ രണ്ടാം ഘട്ട പ്രഖ്യാപന കൺവെൻഷൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ചെല്ലാനം മേഖലയിലെ കടൽകയറ്റ പ്രശ്നത്തിന് കൊച്ചി ജനകീയവേദി മുന്നോട്ടുവെക്കുന്ന പരിഹാര നിർദ്ദേശങ്ങൾ ഏറ്റവും ശാസ്ത്രീയവും ശരിയായതും പരിസ്ഥിതി സൗഹാർദപരവുമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ പറഞ്ഞു. എന്നാൽ ഇത്തരം ജനകീയസമരങ്ങൾ മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ കേൾക്കാൻപോലും സർക്കാരുകൾ തയ്യാറല്ലെന്നും കോടികൾ ചെലവിടാൻ കഴിയുന്ന കെ റെയിൽ പോലുള്ള വമ്പൻ വിനാശ വികസന പദ്ധതികളിലാണ് അവരുടെ കണ്ണെന്നും അദ്ദേഹം പറഞ്ഞു. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയവേദി കഴിഞ്ഞ രണ്ട് വർഷമായി നടത്തിവരുന്ന സമരത്തിന്റെ രണ്ടാം ഘട്ട പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനവിരുദ്ധ പദ്ധതികളല്ല കടൽകയറ്റ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന പദ്ധതിയാണ് വേണ്ടതെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജാക്സൺ പൊള്ളയിൽ പറഞ്ഞു. മറിയാമ്മ ജോർജ്ജ് കുരിശിങ്കൽ അദ്ധ്യക്ഷത വഹിച്ചു.

ഫാ. ഡോ. ആന്റണീറ്റോ പോൾ, അഡ്വ. തുഷാർ നിർമൽ സാരഥി, പി.വി. വിൽസൺ, വി.ടി. സെബാസ്റ്റ്യൻ, ഷിജി തയ്യിൽ, ജോസഫ് അറയ്ക്കൽ, ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി, എൻ. എക്സ്. ജോയ്, ആന്റണി അറയ്ക്കൽ, ആന്റണി ആലുങ്കൽ, ജാൻസി, കനക തുടങ്ങിയവർ സംസാരിച്ചു.

344.2 കോടി രൂപയുടെ നിർദ്ദിഷ്ട പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുക, ചെല്ലാനം ഹാർബർ മുതൽ ചെറിയകടവ് വരെയുള്ള നിർദ്ദിഷ്ട ടെട്രാപോഡ് കടൽഭിത്തി നിർമ്മാണം ചെറിയകടവ് സി.എം.എസ്-കാട്ടിപ്പറമ്പ്-കൈതവേലി-മാനാശേരി-സൗദി പ്രദേശങ്ങളിലേക്കുകൂടി നീട്ടുക, കൊച്ചിൻ പോർട്ടിൽനിന്ന് മണ്ണ് ലഭ്യമാക്കി ചെല്ലാനം - കൊച്ചി തീരം ഒന്നടങ്കം പുനർനിർമ്മിക്കുക, നിർദ്ദിഷ്ട പദ്ധതി പൂർത്തിയാകുന്നതുവരെ ജിയോട്യൂബുകൾ കൊണ്ടുള്ള പുലിമുട്ടുകൾ നിർമ്മിച്ച് തീരം സംരക്ഷിക്കാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചെല്ലാനം കൊച്ചി ജനകീയവേദിയുടെ രണ്ടാംഘട്ട സമരം.