മൂവാറ്റുപുഴ: കാളിയാർ പുഴയിൽ മുതലയെ കണ്ടത് ഭീതിപരത്തി. ആയവന ഗ്രാമപഞ്ചായത്തിലെ കാരിമറ്റം കക്കുറിഞ്ഞി കടവിന് സമീപമാണ് മുതലയെ കണ്ടത്. ഇന്നലെ രാവിലെ കടവിൽ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ് സമീപത്തെ കുറ്റികാട്ടിൽ നിന്നും വെള്ളത്തിലേക്ക് ചാടിയ മുതലയെ കണ്ടത്. ഇതുകണ്ട സ്ത്രീകൾ പേടിച്ച് കരയിൽ കയറി. തുടർന്ന് പ്രദേശവാസികൾ പുഴയിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും മുതലയെ കണ്ടെത്താനായില്ല. മൂന്ന് മീറ്ററോളം നീളമുള്ള മുതലയെയാണ് കണ്ടത്. കാലം തെറ്റിയെത്തിയ കാലവർഷത്തെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇതിന് പുറമെ നല്ല ഒഴുക്കും ഉണ്ട്. മലവെള്ളപാച്ചിലിൽ ഒഴികിയെത്തിയതാകാം മുതലയെന്നാണ് നിഗമനം. കുളിക്കാനെത്തിയ സ്ത്രീകൾ മുതലയെ കണ്ടുവെന്ന വാർത്ത പരന്നതോടെ പുഴയോരങ്ങളിൽ തമസിക്കുന്നവർ ഭീതിയിലാണ്.