പള്ളുരുത്തി: മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് പി.പി. ജേക്കബ്, കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് ജോസി ചാണയിൽ എന്നിവർ കൊച്ചി വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രദേശത്ത് കുടിവെള്ളം പമ്പുചെയ്യുന്ന മോട്ടോർ തകരാറിലായി. ദിവസങ്ങളായി പ്രദേശത്തേക്ക് ലഭ്യമാക്കേണ്ട വെള്ളം മറ്റ് സ്ഥലത്തെക്ക് ഗതിമാറ്റിവിടുന്നു എന്ന് ആരോപിച്ചായിരുന്നു സമരം. തുടർന്ന് കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തകരാറിലായ മോട്ടോർ വേഗത്തിൽ അറ്റകുറ്റപ്പണി ചെയ്യാമെന്നും പ്രദേശത്തെക്ക് പമ്പിംഗ് തോത് ഗണ്യമായി ഉയർത്താമെന്നുമുള്ള രേഖാമൂലമുള്ള ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.