കൊച്ചി: ജില്ലാ പഞ്ചായത്ത്, കടമക്കുടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന കടമക്കുടി വില്ലേജ് ഫെസ്റ്റ് ആരംഭിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിലൂടെ കടമക്കുടിയിലെ ടൂറിസം സാദ്ധ്യതകൾ ലോകസഞ്ചാരികൾക്ക് മുന്നിലെത്തണമെന്നും അതുവഴി ഈ പ്രദേശം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാകുമെന്നും എം.പി പറഞ്ഞു. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സജിനി ജ്യോതിഷ്, അഗ്രിക്കൾച്ചർ ഓഫീസർ ശില്പ കെ. തോമസ്, ഫെസ്റ്റ് ജനറൽ കൺവീനർ ബെന്നി സേവ്യർ, ജോയിന്റ് കൺവീനർ വിശാൽ കോശി, പി.കെ. രാജീവ് എന്നിവർ പങ്കെടുത്തു.
എറണാകുളം രാജഗിരി കോളേജിലെ വിദ്യാർത്ഥികളും എം.പിയും പൊക്കാളിക്കൊയ്ത്തിൽ പങ്കാളികളായി. ജൈവകർഷകർ, അക്വാഫാം ഉടമകൾ, വില്ലേജ് ടൂർ ഓപ്പറേറ്റർമാർ എന്നിവരാണ് കടമക്കുടി വില്ലേജ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ ഫെസ്റ്റിന്റെ ലോഗോ പ്രകാശിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ കർഷക തൊഴിലാളികളോടൊപ്പം വരും ദിവസങ്ങളിലെ കൊയ്ത്തുത്സവങ്ങളിൽ പങ്കെടുക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കടമക്കുടിയിലെ വനിതകൾ വൈകുന്നേരങ്ങളിൽ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിലൂടെ ഗ്രാമത്തിന്റെ തനത് രുചികൾ സന്ദർശകർക്കായി ലഭിക്കും. ഭാവിയിലും ഗ്രാമത്തിലെ വനിതകൾക്ക് ടൂറിസത്തിലൂടെ സ്ഥിരവരുമാനം നൽകുക എന്നതാണ് ഉദ്ദേശം.
ഫെസ്റ്റ് ദിനങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ പൊക്കാളിക്കൊയ്ത്ത് നടക്കും. കൊയ്ത്തുപാട്ട്, നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള കലാസന്ധ്യകളിൽ പ്രമുഖ കലാകാരൻമാർ പങ്കെടുക്കും. കടമക്കുടി ദ്വീപിന്റെ ഭംഗി ആസ്വദിക്കുന്നതിനായി ബോട്ടിംഗും ഒരുക്കിയിട്ടുണ്ട്. വിവിധയിനം മത്സരങ്ങളുമുണ്ടാകും.