കൊച്ചി: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ജില്ലയിൽ വരും ദിവസങ്ങളിൽ മഴക്ക് സാദ്ധ്യത പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കളക്ടർ ജാഫർ മാലിക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലയിൽ ഇന്ന് മഞ്ഞ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. സമീപ ജില്ലകളിലും ജില്ലയുടെ മലയോര മേഖലകളിലും ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആവശ്യമെങ്കിൽ ജില്ലയിൽ ക്യാമ്പുകൾ ആരംഭിക്കും. പെരിയാറിലെയും ചാലക്കുടിപ്പുഴയിലെയും ജലനിരപ്പ് യഥാസമയം നിരീക്ഷിക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ കരുതൽ സ്വീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി. ഇടുക്കി, ഇടമലയാർ, പൊരിങ്ങൽകുത്ത് ഡാമുകളുടെ വൃഷ്ടിപ്രദേശത്തുണ്ടാക്കുന്ന മഴയും ഡാമുകളിലെ ജലനിരപ്പും യഥാസമയം നിരീക്ഷിക്കും. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത ഉള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനും കളക്ടർ നിർദ്ദേശം നൽകി. കൺട്രോൾ റൂമുകൾ രാത്രി കാലങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.