air-hone
കസ്റ്റഡിയിലെടുത്ത എയർ ഹോൺ

ആലുവ: നിരോധിത എയർ ഹോൺ മുഴക്കിയത് ചോദ്യം ചെയ്ത നാട്ടുകാരെ മർദ്ദിച്ച സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് പിടികൂടി നടപടിയെടുത്തു. ആലുവ - പെരുമ്പാവൂർ റൂട്ടിലോടുന്ന കെ.എൽ 05 എ.ബി 8070 സൽമാൻ ബസ് ആലുവ ജോയിന്റ് ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എസ്. സമീഷ്, അസി. എം.വി.ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ കാത്തുനിന്നാണ് നടപടിയെടുത്തത്.

2500 രൂപ പിഴ ചുമത്തിയതിന് പുറമെ എയർ ഹോൺ ബസിൽ നിന്നും അഴിച്ച് നീക്കുകയും ചെയ്തു. കൂളിംഗ് ഫിലിം ഒട്ടിച്ചതിന് ഉൾപ്പെടെ പിഴ ചുമത്തിയിട്ടുണ്ട്. എയർ ഹോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെങ്കിലും ചൂണ്ടിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 'കേരളകൗമുദി' ബസിന്റെ രജിസ്റ്റർ നമ്പർ സഹിതം നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്നും ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. തുടർന്നും നിയമലംഘനങ്ങൾക്കെതിരായ നടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

പതിവായി എയർഹോൺ മുഴക്കുന്നത് ചോദ്യം ചെയ്തചൂണ്ടി സി.ജെ. ബേക്കറി ഉടമ മഞ്ഞളി വീട്ടിൽ ദിനിൽ ഇട്ടൂപ്പ് (36), സാധനം വാങ്ങാനെത്തിയ ചൂണ്ടി പുളിക്കൽ ലിജോ ജോസ് (37) എന്നിവരെ മർദ്ദിച്ച കേസിൽ ഇതേ ബസിലെ ജീവനക്കാർക്കെതിരെ എടത്തല പൊലീസും കേസെടുത്തിട്ടുണ്ട്. വ്യാപാരികളെ അനാവശ്യമായി മർദ്ദിച്ച സംഭവത്തിൽ യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും

പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.