കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപ്പാപ്പയുമായി ഇന്ന് റോമിൽ നടത്തുന്ന കൂടിക്കാഴ്ചയെ ഉറ്റുനോക്കുകയാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹം. മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുമോ, അദ്ദേഹം ക്ഷണം സ്വീകരിക്കുമോ തുടങ്ങിയ ആകാംക്ഷയാണ് പ്രധാനം.

ഇന്നുച്ചക്ക് 12ന് മാർപ്പാപ്പയെ പ്രധാനമന്ത്രി സന്ദർശിക്കും. ഔദ്യോഗികമായി ക്ഷണിച്ചാൽ മാർപ്പാപ്പ എത്തുമെന്ന പ്രതീക്ഷയാണ് സഭാവൃത്തങ്ങൾ പങ്കിടുന്നത്. കഴിഞ്ഞ ജനുവരിയിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച മെത്രാന്മാരുടെ സംഘം മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. 1999ൽ ജോൺ പോൾ രണ്ടാമനാണ് ഏറ്റവുമൊടുവിൽ ഇന്ത്യ സന്ദർശിച്ച മാർപ്പാപ്പ.

ലക്ഷ്യം രാഷ്ട്രീയമെന്ന്

മാർപ്പാപ്പയുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ച രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. ചർച്ചയിൽ ക്രൈസ്തവർ ഇന്ത്യയിൽ നേരിടുന്ന പ്രശ്നങ്ങളും അക്രമങ്ങളും ചർച്ചയാകുമോയെന്നതും പ്രധാനമാണെന്ന് സീറോമലബാർ സഭാ പ്രസിദ്ധീകരണമായ സത്യദീപം മുഖപ്രസംഗത്തിൽ പറയുന്നു. സ്റ്റാൻ സ്വാമിയുടെ മരണം ഉൾപ്പെടെ ചർച്ചയാകണം. മാർപ്പാപ്പയെ ക്ഷണിക്കാൻ സമ്മർദ്ദം ചെലുത്തുന്ന സഭാനേതൃത്വം ബി.ജെ.പിയുടെ നിക്ഷിപ്തതാല്പര്യങ്ങൾക്ക് അടിമപ്പെടരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

"ചരിത്രപ്രധാനമായ കൂടിക്കാഴ്ച നമ്മുടെ രാജ്യവും വത്തിക്കാനും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധങ്ങൾക്ക് കൂടുതൽ ഉൗർജ്ജവും ഉൗഷ്‌മളതയും പകരുമെന്നതിൽ സംശയമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോമിലെയും ഇറ്റലിയിലെയും എല്ലാ പരിപാടികൾക്കും കേരള കത്തോലിക്കാ മെത്രാൻ സമിതി വിജയാശംസകൾ നേരുന്നു."

കർദ്ദിനാൾ ജോർജ് ആലഞ്ചേരി

പ്രസിഡന്റ്

കേരള കത്തോലിക്കാ മെത്രാൻ സമിതി