കൊച്ചി: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കൊച്ചി കോർപ്പറേഷൻ നയരേഖ തയ്യാറാക്കുന്നു. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിന്ന് മാലിന്യം ശേഖരിക്കുന്നതുമുതൽ സംസ്കരണം വരെയുള്ള കാര്യങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ആരോഗ്യ സ്ഥിരംസമിതിയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ബ്രഹ്മപുരം പ്ളാന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേരുന്ന സ്പെഷ്യൽ കൗൺസിലിൽ ചെയർമാൻ ടി.കെ.അഷ്‌റഫ് ഇതുസംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കും. സ്പെഷ്യൽ കൗൺസിലിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.
സ്ക്വാഡുകൾ രൂപീകരിച്ചു
നഗരത്തിൽ മാലിന്യം തള്ളുന്നത് വ്യാപകമാകുകയും തടയാൻ ശ്രമിക്കുന്ന കൗൺസിലർമാരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെ മാലിന്യം പൊതുവിടങ്ങളിൽ എറിയുന്നവരെ പിടികൂടാനായി മൂന്ന് സ്‌ക്വാഡുകൾ രൂപീകരിച്ചിരുന്നു. ഒരു എച്ച്.ഐ, മൂന്ന് ജെ.എച്ച്.ഐ, ഒരു ശുചീകരണ ജീവനക്കാരൻ എന്നിവർ അടങ്ങിയ സ്‌ക്വാഡാണ് മൂന്ന് ടീമുകളായി നൈറ്റ് പട്രോളിംഗ് നടത്തുന്നത്. മട്ടാഞ്ചേരി, ഇടപ്പള്ളി, കൊച്ചി സോണുകളിലായാണ് പ്രവർത്തനം. മാലിന്യം തള്ളുന്നവരെ പിടികൂടിയാൽ സ്‌പോട്ടിൽ വെച്ച് പിഴയീടാക്കും. മാലിന്യം തള്ളുന്നവരെ നിയമ നടപടികൾക്ക് വിധേയമാക്കാൻ പ്രത്യേക പ്രൊസിക്യൂഷൻ സെല്ലും പ്രവർത്തനം ആരംഭിക്കും. മാലിന്യം തള്ളുന്നവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കാൻ കോർപ്പറേഷന് അനുമതിയുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
ഹൈക്കോടതിയിൽ അറിയിച്ചത് :
നഗരത്തിൽ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ എസ്. സന്തോഷ് കുമാർ നൽകിയ ഹർജിയിൽ കോർപ്പറേഷൻ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം ഇങ്ങനെ
140 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.
സെപ്തംബർ മുതൽ മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് മൂന്നു ലക്ഷം രൂപ പിഴയീടാക്കി
മാലിന്യങ്ങൾ തള്ളുന്ന പ്രദേശങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു
ഖരമാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളുമുൾപ്പെടെ സംസ്കരിക്കാൻ കരട് ബൈലോ തയ്യാറാക്കി
ബൈലോ കൗൺസിലിന്റെ പരിഗണനക്ക് സമർപ്പിക്കേണ്ടതുണ്ട്
രാത്രികാലങ്ങളിലെ പരിശോധനയ്ക്ക് നിരീക്ഷണ സ്‌ക്വാഡുകളെ നിയോഗിച്ചു
പൊലീസ് സഹായത്തിനായി കമ്മിഷണർക്ക് ഒക്ടോബർ 16 നു അപേക്ഷ നൽകി
പൊലീസിനു നൽകിയ അപേക്ഷയിൽ നിന്ന്
കുറ്റക്കാർക്കെതിരെ കേസെടുക്കണം
നിരീക്ഷണ സ്‌ക്വാഡിനൊപ്പം ഒരു സീനിയർ സിവിൽ പൊലീസ് ഒാഫീസറെ നിയോഗിക്കണം
മാലിന്യങ്ങൾ വലിച്ചെറിയാനെത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കണം
മാലിന്യങ്ങൾ വലിച്ചെറിയുന്ന കേന്ദ്രങ്ങളിൽ പട്രോളിംഗ് ഏർപ്പെടുത്തണം
നിരീക്ഷണ ക്യാമറകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്ത് വിവരങ്ങൾ നഗരസഭക്ക് പങ്കുവെക്കണം
മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റെ പ്രത്യാഘാതം പൊതുജനങ്ങളെ ധരിപ്പിക്കാനുള്ള ചുമതല
ജനമൈത്രി പൊലീസിനെ ഏൽപിക്കണം