കൊച്ചി: ഹൃദ്രോഗ ചികിത്സയിൽ ക്രയോഅബ്ലേഷൻ എന്ന നൂതന ചികിത്സാ സംവിധാനമൊരുക്കി ആസ്റ്റർ മെഡ്‌സിറ്റി. പക്ഷാഘാതത്തിനും മറ്റ് ഹൃദയതകരാറുകൾക്കും കാരണമാകുന്ന അസാധാരണമായ വൈദ്യുത പാതകളെ തടസ്സപ്പെടുത്തിയതിന് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന ഏറ്റവും നൂതനവും വിജയകരവുമായ പ്രക്രിയയാണ് ബലൂൺ ക്രയോഅബ്ലേഷൻ. ചികിത്സ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാനുമാകും.

അസാധാരണമായ ഹൃദയമിടിപ്പ് കാരണം നെഞ്ചിൽ വെള്ളം കെട്ടി അപകടകരമായ നിലയിലെത്തിച്ച മലപ്പുറം വളാഞ്ചരി സ്വദേശിയായ 53 കാരിയിലാണ് ആദ്യത്തെ ക്രയോഅബ്ലേഷൻ പ്രക്രിയ നടത്തിയത്. വേദനാരഹിതവും ഹൃദയശസ്ത്രക്രിയകളെ അപേക്ഷിച്ച് തികച്ചും സുരക്ഷിതവുമാണെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റും ഇലക്ടോഫിസിയോളജിസ്റ്റുമായ ഡോ.പ്രവീൺ ശ്രീകുമാർ പറഞ്ഞു.

രാജ്യത്ത് തന്നെ ആദ്യമായി ക്രയോഅബ്ലേഷൻ ചികിത്സാരീതി വിജയകരമായി അവതരിപ്പിക്കുന്ന സെന്ററുകളിലൊന്നാണ് ആസ്റ്റർ മെഡ്സിറ്റിയെന്നും അധികൃതർ അവകാശപ്പെട്ടു.