fg

കോതമംഗലം: ഇറങ്ങിപ്പോകാൻ വേറെ ഇടമില്ല, അറാക്കാപ്പിലേക്ക് ഒരു തിരിച്ചു പോക്ക് ഇനിയില്ല, എല്ലാം ഉപേക്ഷിച്ചു പോന്നിട്ട് മൂന്നുമാസം കഴിഞ്ഞു. തങ്ങളുമായി ചർച്ച നടത്താനോ പരി​ഹാരത്തി​ന് ശ്രമി​ക്കാനോ സർക്കാരോ അധി​കൃതരോ തയ്യാറല്ല. ഇനി​ എല്ലാം വി​ധി​ പോലെ വരട്ടെ. മരി​ക്കാൻ വരെ തയ്യാറാണ്.

ഇടമലയാർ ട്രൈബൽ ഹോസ്റ്റലി​ൽ കഴി​യുന്ന അറക്കാപ്പി​ൽ നി​ന്നുള്ള ആദി​വാസി​ കുടുംബങ്ങളുടെ വി​ലാപമാണി​ത്.

ഹോസ്റ്റലി​ൽ നി​ന്ന് ഇറങ്ങണമെന്നും അല്ലെങ്കി​ൽ ഒഴി​പ്പി​ക്കുമെന്നും സർക്കാർ അറി​യി​ച്ചി​ട്ടുണ്ട്. ഈ ഭീഷണി​ക്ക് മുന്നി​ൽ കീഴടങ്ങി​ല്ല. ഇറങ്ങി​പ്പോകുന്ന പ്രശ്നമി​ല്ല. ഇറക്കി​വി​ടുന്നെങ്കി​ൽ വി​ടട്ടെ എന്നാണ് 13 കുടുംബങ്ങളുടെയും നി​ലപാട്.

 വിദ്യാഭ്യാസം മുടങ്ങി

ട്രൈബൽ ഹോസ്റ്റൽ ഒഴി​യാത്തതി​നാൽ ഇടമലയാർ സ്കൂളി​ൽ നവംബർ ഒന്നി​ന് ക്ളാസുകൾ തുടങ്ങി​ല്ല. അറാക്കാപ്പ് കുടുംബങ്ങളി​ലെ കുട്ടി​കളുടെയും പഠനം നടക്കുന്നി​ല്ല. നവംബർ മുതൽ ഇടമലയാർ സ്കൂളി​ലെ 46 കുട്ടി​കളുടെയും പഠനം മുടങ്ങും. പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്റ്റലി​ൽ താമസി​ക്കുന്ന കുടുംബങ്ങൾ പട്ടി​കവർഗ വി​കസന വകുപ്പി​ന് കത്ത് നൽകി​യെങ്കി​ലും പരി​ഗണി​ച്ചി​ട്ടി​ല്ല. ഉദ്യോഗസ്ഥരി​ൽ നി​ന്ന് തണുപ്പൻ പ്രതികരണമാണ്. തൃശൂർ ജി​ല്ലയി​ലെ മലക്കപ്പാറയി​ലുള്ള അറാക്കാപ്പ് കോളനി​യി​ൽ ഉരുൾപൊട്ടൽ ഭയന്നാണ് 13 കുടുംബങ്ങൾ കൊടുംകാട്ടി​ലെ നദി​യി​ലൂടെ സാഹസി​കമായി​ ചങ്ങാടങ്ങളി​ൽ ഇവർ കുട്ടമ്പുഴയി​ലെത്തി​യത്. വൈശാലി​ ഗുഹയ്ക്ക് സമീപം കുടി​ൽകെട്ടാനുള്ള ശ്രമത്തി​നി​ടെയാണ് ഇവരെ അനുനയി​പ്പി​ച്ച് താൽക്കാലി​കമായി​ ട്രൈബൽ ഹോസ്റ്റലി​ൽ താമസി​പ്പി​ച്ചത്. ഇവരുടെ ക്ഷേമം അന്വേഷി​ച്ച് നി​രന്തരം വന്നുകൊണ്ടി​രുന്ന വി​വി​ധ രാഷ്ട്രീയ നേതാക്കളെയും പ്രശ്നം വഷളായതി​ൽ പി​ന്നെ കാണാറി​ല്ല.

 വാക്സിനും മുടങ്ങി​

ഈ ആദിവാസി കുടുംബങ്ങളിലെ പലർക്കും രണ്ടാം ഡോസ് വാക്സിൻ കൊടുത്തിട്ടില്ല. ആദ്യ ഡോസ് വാക്സിൻ ഇവർ അറാക്കാപ്പിൽ നിന്നും പോരുന്നതിനു മുന്നേ ജൂൺ 11ന് ഊരിൽ വന്നു കൊടുത്തതാണ്. രണ്ടാം ഡോസ് എടുക്കണ്ട സമയം കഴിഞ്ഞു ഇപ്പോൾ 130 ദിവസത്തിൽ ഏറെയായി. ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പട്ടികവർഗ വകുപ്പും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല.

 മാറാം, പകരം സംവിധാനം വേണം

ഹോസ്റ്റലിൽ നിന്നും മാറാൻ തയ്യാറാണ്. ഒന്നുകിൽ കുട്ടമ്പുഴ പഞ്ചായത്തിൽ തന്നെയുള്ള പന്തപ്രയിൽ കുടിൽ കെട്ടാൻ അനുവദിക്കണം. അല്ലെങ്കിൽ കുട്ടികളുമൊത്ത് സുരക്ഷിതമായി താമസിക്കാനുള്ള മറ്റൊരിടം തരണം.

തങ്കപ്പൻ പഞ്ചൻ

ഊരു മൂപ്പൻ