കോട്ടപ്പടി: പ്ലാമുടിയിൽ വീണ്ടും പുലി ആക്രമണം. പ്ലാമുടി മേഖലയിൽ പത്ത് ദിവസത്തിനുള്ളിൽ വളർത്തു മൃഗങ്ങൾക്ക് നേരെ അഞ്ചാം തവണയാണ് പുലിയുടെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ രാത്രി പ്ലാമുടി കണ്ണക്കട ഐക്കരക്കുടി ഔസേപ്പിന്റെ വീട്ടിലെ വളർത്തുനായ പുലിയുടെ ആക്രമണത്തിൽ ചത്തു. ഒക്ടോബർ പത്തൊൻപതാം തീയതി രാത്രി കോഴിയെ പിടിച്ച് പുലി ഓടിമറയുന്നത് വീട്ടുകാർ കണ്ടതോടെയാണ് പുലിയുടെ സാന്നിദ്ധ്യം പ്ലാമുടിയിൽ ആദ്യം ഉറപ്പിച്ചത്. വീറോളി അജിയുടെ വീട്ടിലെ കോഴികളെയാണ് ആദ്യം പുലി പിടികൂടിയത്. പുലിയുടെ കാൽപ്പാടുകളും പ്രദേശത്ത് കണ്ടെത്തിരുന്നു.
മൂന്ന് കൾഗങ്ങളെയും കണ്ണക്കടഭാഗത്ത് നായയേയും കൊന്നുതിന്നത് പുലിയാണെന്ന സംശയം ബലപ്പെട്ടു. തൊട്ടടുത്ത ദിവസം ബൈക്ക് യാത്രികനാണ് പുലിയെ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ ബൈക്കിൽ പോകുകയായിരുന്ന കരിപ്പേലിൽ എൽദോസാണ് പുലിയെ കണ്ടത്. ഇയാളുടെ മുന്നിലൂടെ പുലി റോഡിന് കുറുകെ കടക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം രാത്രി പ്ലാമുടിയിൽ പുലി വന്ന് പട്ടിയെയും പശുവിനെയും ആക്രമിക്കുകയും കാട്ടുപന്നിയുടെ കുഞ്ഞിനെ പിടികൂടുകയും ചെയ്‌തു. ഇരയെ ഉപേക്ഷിച്ചു പുലി കടന്നുകളയുകയും വനംവകുപ്പ് സ്ഥലത്തെത്തി പന്നിക്കുട്ടിയെ കൊണ്ടുപോകുകയും ചെയ്‌തു.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി കല്ലുളിയിൽ കൈതകണ്ടം അപ്പുവിന്റെ പശുവിനെയും വളർത്തുനായയേയുമാണ് പുലി ആക്രമിച്ചത്. രാത്രി ഒന്നരയോടെ നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ തങ്ങൾ പുലിയെ നേരിട്ട് കണ്ടെന്നാണ് അപ്പുവും കുടുംബവും പറയുന്നത്. പുലിയുടെ സാന്നിദ്ധ്യം തുടർച്ചയായി കണ്ടതിനെത്തുടർന്ന് പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചതിന് പിന്നാലെയാണ് സമീപത്തു വീണ്ടും പുലിയെ കണ്ടത്. കൂട്ടിൽ ഇരവെക്കാതെയിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് കാമറ നിരീക്ഷണം ഏർപ്പെടുത്തിയും കഴിഞ്ഞ ബുധനാഴ്ച്ച രാത്രി മുതൽ കൂട്ടിൽ തീറ്റ വെച്ചും പുലിയെ പിടിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരുമ്പോൾ വീണ്ടും പ്ലാമുടിയിൽ പുലിയുടെ ആക്രമണത്തിൽ വളർത്തു നായ കൊല്ലപ്പെടുന്നത്. തുടർച്ചയായി പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുന്നത് നാട്ടുകാരുടെ ഇടയിൽ ആശങ്കയും ഭീതിയും വളർത്തിയിരിക്കുകയാണ്.