മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയസമ്മേളനം നവംബർ 3,4 തിയതികളിൽ മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഏരിയസെക്രട്ടറി എം.ആർ.പ്രഭാകരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയും പായിപ്ര , ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ, മാറാടി, വാളകം പ‌ഞ്ചായത്തുകളും ഉൾകൊള്ളുന്നതാണ് ഏരിയ കമ്മിറ്റിയുടെ പ്രവർത്തന മേഖല. കൊവിഡ് മാനദണ്ഡം പാലിച്ച് സമ്മേളനം നടത്തുന്നതിനാൽ പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തുന്നത്. 140 പ്രതിനിധികളും 20 ഏരിയകമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും . സമ്മേളനം സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ.മോഹനൻ, പി.എം.ഇസ്മായിൽ , പി.ആർ.മുരളീധരൻ എന്നിവർ പങ്കെടുക്കും. സ്വാഗതസംഘം ഭാരവാഹികളായ എം.എ. സഹീർ, കെ.എൻ. ജയപ്രകാശ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.