കൊച്ചി: വിവാഹം രജിസ്‌റ്റർ ചെയ്യുമ്പോൾ വിവാഹപൂർവ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് നടപ്പാക്കാൻ ആലോചിക്കുന്നതായി വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. എറണാകുളം വൈ.എം.സി.എയിൽ വനിതാ കമ്മിഷൻ സിറ്റിംഗിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കൗൺസിലിംഗ് നൽകുന്നതിലൂടെ വിവാഹ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഒരുപരിധി വരെ തടയാനാകും. വിവാഹം നടത്തുമ്പോൾ കുടുംബ പശ്ചാത്തലം, സ്വഭാവം എന്നിവയിൽ കൂടുതൽ ജാഗ്രത പുലർത്തണം. വയോജനങ്ങളെ സംരക്ഷിക്കാതിരിക്കുക, സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകളെയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെയും ചൂഷണം ചെയ്യുക, സ്വത്ത് കൈവശപ്പെടുത്തുക തുടങ്ങിയ പ്രവണതകൾ വർദ്ധിക്കുന്നു. ജില്ലകളിൽ വാർഡ് തല ജാഗ്രതാ സമിതികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും സാധിക്കും.
മോൺസനെതിരായ പീഡന കേസിൽ പരാതി കിട്ടിയിട്ടില്ല. പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസിന് വീഴ്ച സംഭവിച്ചാലെ ഇടപെടേണ്ട സാഹചര്യമുള്ളൂ. കുട്ടിയെ ദത്തു നൽകിയ കേസുമായി ബന്ധപ്പെട്ട് അനുപമയുടെ പരാതി കിട്ടിയിട്ടുണ്ട്. നവംബർ അഞ്ചിന് കേസ് പരിഗണിച്ചതിന് ശേഷമായിരിക്കും നടപടികൾ തീരുമാനിക്കുക. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നത് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി കൂട്ടുന്നതായും പി. സതീദേവി പറഞ്ഞു.
എറണാകുളത്ത് രണ്ടു ദിവസമായി നടന്ന സിറ്റിംഗിൽ 162 പരാതികൾ പരിഗണിച്ചു. 31 എണ്ണം തീർപ്പാക്കി. 13 എണ്ണത്തിൽ വിവിധ വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി. 118 കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ സ്മിത ഗോപി, എ.ഇ. അലിയാർ, പി. യമുന കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.