പറവൂർ: തീരദേശപാതയിലെ മുനമ്പം - അഴീക്കോട് പാലം അഴീക്കോടുനിന്ന് സത്താർ ഐലൻഡ്‌വഴി മാല്യങ്കരയുമായി ബന്ധിപ്പിച്ച് നിർമ്മിക്കണമെന്ന ആവശ്യമുയരുന്നു. ഈ പാലം ഇത്തരത്തിൽ നിർമ്മിച്ചാൽ മുനമ്പം മത്സ്യവ്യവസായ മേഖലയിൽ ഇപ്പോൾ ഉയർന്നിരിക്കുന്ന ആശങ്കകൾക്ക് പരിഹാരമാവും. കൊട്ടുവള്ളിക്കാട്ടിൽനിന്ന് മാല്യങ്കര പാലംവഴി മുനമ്പവുമായി ബന്ധിപ്പിക്കാനാവും. അഴീക്കോട് പാലത്തിന്റെ അലൈൻമെന്റ് ഇത്തരത്തിൽ മാറ്റിയാൽ അഴിമുഖത്ത് പാലം നിർമ്മിക്കുമ്പോഴുണ്ടാകുന്ന ഭീമമായ അധികചെലവും സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാനാകും.
നേരത്തെ കോട്ടപ്പുറം പാലം നിർമ്മിച്ചപ്പോൾ നടുക്കുണ്ടായിരുന്ന വലിയപണിക്കൻ തുരുത്തുവഴി നിർമ്മിക്കുകയായിരുന്നു. പാലംവന്നതോടെ വലിയ പണിക്കൻ തുരുത്തിൽ പുരോഗതിയുണ്ടായി.
സത്താർ ഐലൻഡിനും വേണം വികസനം
കൊടുങ്ങല്ലൂർ കായലിലുള്ള മറ്റൊരു തുരുത്താണ് സത്താർ ഐലൻഡ്. നൂറിലധികം കുടുംബങ്ങൾ ഈ ദ്വീപിലുണ്ട്. ഗതാഗതസൗകര്യങ്ങളില്ലാത്തതിനാൽ യാതൊരു വികസനവും സത്താർ ഐലൻഡിലുണ്ടാകുന്നില്ല. ഇവിടേക്ക് യാത്രാ സൗകര്യമുണ്ടാകുന്നതോടെ അഴിമുഖത്തിനടുത്തുള്ള ദ്വീപായതിനാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശം കൂടിയാക്കി മാറ്റാനും കഴിയും. മുനമ്പം - അഴീക്കോട് പാലം നിലവിലെ അലൈൻമെന്റ് പ്രകാരം നിർമ്മിച്ചാൽ അത് ഈ പ്രദേശത്തെ മത്സ്യവ്യവസായ മേഖലയ്ക്ക് വലിയ തിരിച്ചടിയാവും. മുനമ്പം, പള്ളിപ്പുറം, ചെറായി, മാല്യങ്കര തുടങ്ങിയ പ്രദേശ ങ്ങളുടെ പുരോഗതിയുടെ അടിത്തറ മത്സ്യവ്യവസായമാണ്. മാല്യങ്കരയിൽ രണ്ട് പ്രൊഫഷണൽ കോളേജടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. തീരദേശ റോഡ് മാല്യങ്കരവഴി വന്നാൽ ദേശിയപാത 66ലേക്ക് എളുപ്പത്തിൽ എത്താനാകും.
മത്സ്യവ്യവസായ മേഖല നേരിടുന്ന ഭീഷണി ഒഴിവാക്കാനും വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കും അഴീക്കോട് മുനമ്പം പാലം സത്താർ ഐലൻഡ് മാല്യങ്കര വഴിനിർമ്മിക്കണമെന്ന് തീരദേശ ഗ്രാമവികസനസമിതി നേതാക്കളായ രാജു തറയിൽ, പി.ആർ. പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു.