കൊച്ചി: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിന്റെ തലേദിവസം സമ്മേളന പ്രതിനിധിയും മത്സ്യത്തൊഴിലാളിയുമായ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി സജീവനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സജിത നൽകിയ ഹേബിയസ് ഹർജിയിൽ സർക്കാരിനും പൊലീസിനും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
സെപ്തംബർ 29ന് മത്സ്യബന്ധനത്തിനായി പോയ സജീവൻ തിരികെവന്നില്ല. അന്നുതന്നെ അമ്പലപ്പുഴ പൊലീസിലും ഒക്ടോബർ ആറിന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിക്കാരി പറയുന്നു. തോട്ടപ്പള്ളി മേഖലയിൽ സി.പി.എമ്മിൽ ശക്തമായ വിഭാഗീയത നിലനിൽക്കുന്നുണ്ട്. വിമത പക്ഷത്തുള്ള സജീവനെ ഇതിന്റെ ഭാഗമായാണ് കാണാതായതെന്ന് സംശയമുണ്ട്. ഒരുമാസത്തോളമായെങ്കിലും ഇനിയും വിവരം ലഭിച്ചിട്ടില്ല. സെപ്തംബർ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ സജീവനെ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയമുണ്ട്. സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റിവച്ചെന്നും ഹർജിയിൽ പറയുന്നു.