ആലുവ: ആശ്രയ പദ്ധതിയിലെ (അഗതിരഹിത കേരളം) അഴിമതിയെ സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകിയ രണ്ടു മാസം പിന്നിട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. 19 - 20 വർഷത്തെ ഓഡിറ്റ്‌ റിപ്പോർട്ടിൽ 38000 രൂപയുടെ ക്രമക്കേട് കണ്ടതിനെ തുടർന്നാണ് അന്വേഷണം ആവശ്യപ്പെട്ട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ മിനി ബൈജു നഗരസഭ സെക്രട്ടറിക്കും ചെയർമാനും കത്തു നൽകിയത്. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചക്ക് വന്നപ്പോൾ അധികാരമില്ലെന്ന് പറഞ്ഞ് ചെയർമാൻ ഒഴിഞ്ഞുമാറിയത് അഴിമതിക്കാരെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷ ആരോപണം. പദ്ധതിയിലൂടെ നിർദ്ധനരായ കുടുംബങ്ങൾക്കും രോഗികൾക്കും സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റാണ് ചിലർ ക്രമവിരുദ്ധമായി തട്ടിയെടുത്തത്. കൃത്യമായ തെളിവ് സഹിതം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സി.ഡി.എസ് ഭാരവാഹികൾക്കെതിരെ രേഖാമൂലമുള്ള നിരവധി പരാതികളുണ്ടായിട്ടും പരിശോധിച്ച് നടപടിയെടുക്കാതെ കുറ്റക്കാരെ സഹായിക്കുന്ന നടപടിയാണ് നഗരസഭ ചെയർമാൻ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.