kori-
കൊടികുത്തി മലയിലെ ചെങ്കൽ കോറി

പിറവം: ബ്രിട്ടീഷുകാർ കൊടി നാട്ടിയ ചരിത്ര പ്രശസ്തമായ കൊടികുത്തിമല അനധികൃത ചെങ്കൽ ഖനനം മൂലം നശിക്കുന്നു. തൊട്ടടുത്തുള്ള അള്ളുങ്കൽ ഗുഹയും ഭീഷണിയിലാണ്. പുരാതനമായ ഈ ഗുഹ ചരിത്രഗവേഷകർ നിരവധി തവണ സന്ദർശിച്ചിരുന്നു. ഗുഹയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. കൊടികുത്തി മലയോട് ചേർന്ന് അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറി അടുത്തുള്ള വീട്ടുകാർക്കും ജല സംഭരണിക്കും ഭീഷണിയാണ്.

ഈ പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ ചെങ്കൽ ഖനനത്തിന് ചെങ്കൽ ക്വറി മാഫിയ കരാർ നൽകിയിട്ടുള്ളതായി പ്രദേശ വാസികൾ പറഞ്ഞു. ഇത് പ്രദേശത്തെ പരിസ്ഥിതിക്കും ടൂറിസം വികസനതിനും മാത്രമല്ല ചരിത്ര പ്രാധാന്യമുള്ള രണ്ട് അമൂല്യ പ്രദേശങ്ങൾക്കും ഭീഷണിയാണ്.

കടുത്ത വേനലിൽ പോലും ഹരിതാഭം മങ്ങാത്ത പ്രദേശമാണ് രാമമംഗലം പഞ്ചായത്തിലെ ഈ മലനിരകൾ. രണ്ടാം വാർഡിൽ കൊടികുത്തിയിട്ടുള്ള ഭാഗത്തെ വൃത്താകൃതിയിലുള്ള തട്ടിൽ കയറി നിന്നാൽ കൊച്ചിൻ ഷിപ്പിയാർഡ്, അമ്പലമുകൾ, മലയാറ്റൂർ തുടങ്ങിയുള്ള ദൂരക്കാഴ്ചകൾ ആസ്വദിക്കാം. നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് ദിനം പ്രതി എത്തികൊണ്ടിരിക്കുന്നത്. എന്നാൽ കുത്തനെയുള്ള ഇടുങ്ങിയ വഴിയിലൂടെ ചെങ്കൽ കയറ്റിപോകുന്ന നിരവധി വാഹനങ്ങൾ യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും അപകടകെണിയാണ്. പഞ്ചായത്ത്‌ ഭരണ സമിതിയുടെയും പൊലീസിന്റെയും മൗനാനുവാദത്തോടെയാണ് ഈ പ്രദേശത്തെ നാശോണ്മുഖമാക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.