അടിയന്തര നടപടി വേണമെന്ന് എം.പിയും എം.എൽ.എയും

കൊച്ചി: വടുതല ബണ്ട് പ്രശ്‌നത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരാണ് ബണ്ട് പൊളിക്കാത്തതിൽ സർക്കാരിന് അനാസ്ഥയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. നാളുകളായി അടിഞ്ഞു കൂടിയ ചെളിമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം വിചാരിക്കുന്നതിനേക്കാൾ വലുതാണെന്നും ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്‌നത്തിൽ സർക്കാർ അലംഭാവം വെടിയണമെന്നും ഹൈബി ഈഡൻ പറഞ്ഞു.
കൊച്ചി തുറമുഖത്തിന്റെ ഉൾപ്പെടെ സാങ്കേതിക സഹായം തേടി പൊളിക്കുകയാണ് വേണ്ടത്. ചെറുവള്ളങ്ങൾക്ക് പോലും പോകാനാകാത്ത വിധത്തിൽ ചെളി അടിഞ്ഞത് മത്സ്യത്തൊഴിലാളികളെയും ദുരിതത്തിലാക്കുന്നുണ്ട്. റാംസാർ കരാറിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ സർക്കാർ ഇടപെട്ടാൽ ബണ്ട് പൊളിക്കുന്നതിന് സാമ്പത്തിക തടസം ഉണ്ടാകില്ല. സർക്കാർ കൃത്യമായി ഇടപെടുന്നില്ല- ഹൈബി കുറ്റപ്പെടുത്തി.


കുറ്റകരമായ മൗനം: എം.എൽ.എ
ബണ്ട് പ്രശ്‌നം ഒന്നിലേറെ മന്ത്രിമാരുമായി പലവട്ടം ചർച്ച നടത്തിയതാണ്. നിയമസഭയിലും പലതവണ ഉന്നയിച്ചു. കോടതി ഉത്തരവ് വന്നതിനു ശേഷവും നടപടികളിലേക്ക് എത്തുന്നില്ല. ഇനിയും ആലോചനകൾ വേണമെന്നാണ് സർക്കാർ നിലപാട്. ഇത് അംഗീകരിക്കാനാകില്ല. ബണ്ട് പാടെ പൊളിച്ചു നീക്കുകയാണ് ചെയ്യേണ്ടത്. ആയിരക്കണക്കിന് ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന പ്രശ്‌നം നീട്ടിക്കൊണ്ടു പോകുന്നത് അവരെ കുരുതി കൊടുക്കുന്നതിന് തുല്യമാണ്. സർക്കാരിന്റെ നിഷ്‌ക്രിയത്വം തുടർന്നാൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ജനകീയ പ്രക്ഷോഭം: മുഹമ്മദ് ഷിയാസ്
വടുതല ബണ്ട് പൊളിക്കാതെ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന് ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. ബണ്ട് പൊളിക്കാതെ ഇനിയും ചർച്ചകളും പഠനങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാർ നീക്കമെങ്കിൽ ജനങ്ങളെ പങ്കെടുപ്പിച്ച് പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകും. 2018ലെ പ്രളയത്തിൽ നിന്നെങ്കിലും സർക്കാർ പാഠമുൾക്കൊള്ളണം. 50കിലോമീറ്റർ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ജലസേചന വകുപ്പ് റിപ്പോർട്ട് നൽകിയിട്ടും തുടരുന്ന അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാകൂവെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

ജനകീയ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് കരുതിയത്. വീണ്ടും ചർച്ചകളിലേക്കാണ് പോകുന്നതെന്നാണ് മനസിലാക്കുന്നത്. പ്രശ്‌നത്തിലെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണ്.

സന്തോഷ് ജേക്കബ്

സ്വാസ്