govt-hss-paravur-
പറവൂർ ഗവ. ബോയ്സ് സ്കൂൾ

പറവൂർ: ചരിത്രത്തിന്റെ ഭാഗമായി ഇന്നും പ്രൗഢിയോടെ പറവൂർ നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹയർ സെക്കൻഡറി സ്കൂൾ 150-ാം വർഷത്തിലേക്ക്. പഴയ തിരുവിതാംകൂറിന്റെ വടക്കേഅറ്റത്തെ അന്നത്തെ ചെറിയ പട്ടണമായ പറവൂരിൽ 1872 ലാണ് സ്കൂൾ സ്ഥാപിച്ചത്. ജില്ലയിലെ ആദ്യത്തെ ഹൈസ്കൂൾ എന്ന വിശേഷണവുമുണ്ട്. ആദ്യകാലത്ത് ആർ.വി ഇംഗ്ളീഷ് ഹൈസ്കൂൾ എന്നായിരുന്നു പേര്. പഴക്കത്തിൽ ഈ വിദ്യാലയത്തെ പിന്നിലാക്കാൻ മറ്റൊരു സ്ഥാപനവും പറവൂരിലില്ല. അടുത്ത പഴമക്കാരൻ പറവൂരിലെ കോടതിക്ക് 125 വർഷത്തെ പഴക്കമാണുള്ളത്. പറവൂർ നഗരസഭ ശതാബ്ദിയിലേക്ക് കടന്നതേയുള്ളു.

ഒട്ടേറെ പ്രശസ്തവ്യക്തികൾ ഈ വിദ്യാലയത്തിന്റെ മക്കളാണ്. അവരിൽ സാഹിത്യകാരന്മാരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും ഡോക്ടർമാരും അഭിഭാഷകരും ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുണ്ട്. സാമൂഹ്യ പരിഷ്കർത്താവായ സഹോദരൻ അയ്യപ്പനെപ്പോലുള്ളവരും അവരുടെ വിദ്യാഭ്യാസകാലഘട്ടത്തിൽ ഏറിയപങ്കും ചെലവഴിച്ചത് ഈ സ്കൂളിലാണ്. അഞ്ചേക്കറോളം സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടെയും ലാബ്, ലൈബ്രറി സൗകര്യങ്ങളോടെയും പതിറ്റാണ്ടുകൾക്ക് മുമ്പേ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ചിന്തകനായ എം. രാമവർമ്മ തമ്പാനും ആർ. ഈശ്വരപിള്ളയും അന്നത്തെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരായിരുന്നു.1920ൽ ഈശ്വരപിള്ള വിളിച്ചുചേർത്ത അദ്ധ്യാപക സമ്മേളനത്തിൽ മഹാകവി കുമാരനാശാൻ സ്വന്തം കവിത ആലപിച്ചിട്ടുണ്ട്. മികച്ച അദ്ധ്യായനത്തിലൂടെ സ്കൂൾ പ്രശസ്തി നിലനിർത്തിയിട്ടുണ്ട്. നിരവധി റാങ്ക് ജേതാക്കളെ സമ്മാനിച്ചിട്ടുണ്ട്.

2011 ഡിസംബറിൽ ഇവിടെ ശാസ്ത്രയാൻ പദ്ധതിയുടെ ഭാഗമായി സ്പേയ്സ് ലോഞ്ച് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രസിഡന്റ് എ.പി.ജെ അബ്ദുൾ കലാമാണ്. പറവൂരിൽ കോളേജ് ഇല്ലെന്ന പോരായ്മ നികത്താൻ 2001ൽ സ്കൂളിന്റെ ഒരുഭാഗത്ത് സഹകരണമേഖലയിൽ കമ്മ്യൂണിറ്റി എൻജിനീയറിംഗ് കോളേജ് സ്ഥാപിക്കാൻ നീക്കമുണ്ടായി. ഇതിനായി സ്കൂളിന്റെ രണ്ടരഏക്കർ സ്ഥലവും കെട്ടിടങ്ങളും വിട്ടുകൊടുത്തെങ്കിലും പദ്ധതി പിന്നീട് ഉപേക്ഷിച്ചു. ഇതിനുമുമ്പ് വനിതാ പോളിടെക്നിക്ക് സ്ഥാപിക്കാനും ശ്രമമുണ്ടായി. ഇതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ക്ലാസ് മുറികളോടെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിപുലീകരിച്ചിട്ടുണ്ട്.

150-ാമത് വാർഷികത്തിൽ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ രൂപീകരിക്കാൻ ഇന്ന് രാവിലെ പതിനൊന്നിന് യോഗം ചേരും. സ്കൂൾ അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ എല്ലാ പൂർവ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9895092071, 8547607328.