കൊച്ചി: യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുറുങ്കോട്ട ദ്വീപുനിവാസികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ദ്വീപ് സന്ദർശിക്കാമെന്നും പാലം നിർമ്മിക്കാനുള്ള സാദ്ധ്യത പരിഗണിക്കാമെന്നും കളക്ടർ ഉറപ്പുനൽകി.
മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ, ദ്വീപ് നിവാസികളായ പട്ടികജാതിമോർച്ച എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.ബി. മുരളീധരൻ, ബൂത്ത് പ്രസിഡന്റ് കെ.എം വിജയൻ, സെക്രട്ടറി കെ.എസ് പവിത്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടർ ജാഫർ മാലിക്കിന് ദ്വീപുനിവാസികൾ ഒപ്പിട്ട നിവേദനം നൽകിയത്.
കൊച്ചി കോർപ്പറേഷനോട് ചേർന്ന് മുളവുകാട്, വടുതല, മൂലമ്പള്ളി എന്നീ സ്ഥലങ്ങൾക്ക് നടുവിൽ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് കുറുങ്കോട്ട ദ്വീപ്. 87 കുടുംബങ്ങളിൽ 82 ഉം പട്ടിക ജാതിയിൽപ്പെട്ടവരാണ് .
ജോലിക്കും മറ്റാവശ്യങ്ങൾക്കും എറണാകുളം പട്ടണത്തെയാണ് ദ്വീപ് വാസികൾ ആശ്രയിക്കുന്നത്. പുറത്തേക്കുള്ള യാത്രക്ക് കൊറങ്കോട്ടയിൽ നിന്ന് വടുതലയിലേക്കുള്ള കടുത്തുവള്ളമാണ് ഏക ആശ്രയം. രാവിലെ 9ന് തുടങ്ങി രാത്രി 9 രെയാണ് കടത്തിന്റെ സമയം. രാത്രികാലത്ത് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നാൽ ബുദ്ധിമുട്ടാണ്. കടത്തിന്റെ സമയം കഴിഞ്ഞാൽ വീട്ടിലെത്താൻ കഴിയാതെ കടത്തുകടവിൽ കിടക്കേണ്ട അവസ്ഥയുണ്ട്. മറ്റു ദ്വീപുകൾ മറുകരയുമായി പാലം മുഖേന ബന്ധിപ്പിക്കപ്പെട്ടപ്പോൾ കുറാങ്കോട്ട ഒറ്റപ്പെട്ടു കിടക്കുകയാണ്.