കൊച്ചി: ഉന്നതവിദ്യാഭ്യാസവും ഉയർന്നജോലിയും ഉറപ്പുനൽകി മോൻസൺ മാവുങ്കൽ നിരവധി യുവതികളെ പീഡിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് തയ്യാറെടുത്ത് ക്രൈംബ്രാഞ്ച്. മോൻസണിന്റെ സ്വാധീനത്തിൽ ഭയന്ന് പരാതി നൽകാൻ മടിച്ച യുവതികളെയടക്കം കണ്ടെത്തും. ഇയാൾ അറസ്റ്റിലാവുകയും തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവരികയുംചെയ്ത സാഹചര്യത്തിൽ ഇരകൾ സ്വയമേ പരാതി നൽകാൻ എത്തുമെന്ന പ്രതീക്ഷയും അന്വേഷണസംഘത്തിനുണ്ട്.
വീട്ടുജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെയും ജീവനക്കാരിയെയും പീഡിപ്പിച്ചതിന് പോക്സോയടക്കം രണ്ട് കേസുകളാണ് മോൻസണെതിരെയുള്ളത്. കലൂരിൽ താമസിപ്പിച്ചാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ പരാതി ലഭിച്ചത്. മോൻസണിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതിക്കാരി. ഈ കേസ് ക്രൈംബ്രാഞ്ച് കളമശേരി യൂണിറ്റാണ് അന്വേഷിക്കുന്നത്. അന്വേഷണ പുരോഗതിയടക്കം പ്രത്യേകസംഘത്തിന് കൈമാറും.
ഇ.ഡിക്ക് റിപ്പോർട്ട് നൽകും
മോൻസണിന്റെ സാമ്പത്തികതട്ടിപ്പുകളിൽ പ്രാഥമിക അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സാമ്പത്തിക തട്ടിപ്പുകേസുകളിലെ ഇതുവരെയുള്ള അന്വേഷണറിപ്പോർട്ട് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം കൈമാറും. ഇ.ഡി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി സംശയിക്കുന്നത്. മോൻസൺ കോടികൾ കൈമാറിയത് പലതും ബിനാമി അക്കൗണ്ടുകളിലൂടെയും നേരിട്ടുമാണ്. ഇ.ഡിക്ക് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ മോൻസനെ ചോദ്യംചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന കോടികൾ വിലമതിക്കുന്ന ഇറിഡിയം കൈവശമുണ്ടെന്ന് വ്യാജരേഖ ഉണ്ടാക്കിയതിനാണ് കേസ്.